VM Sudheeran: എകെജിയെ അനുസ്മരിച്ച് വിഎം സുധീരന്‍; കോണ്‍ഗ്രസിലെ 'മിസ്റ്റര്‍ ക്ലീന്‍' ഇനി ഇടത്തോട്ടോ? ചര്‍ച്ചകള്‍...

VM Sudheeran remembers AKG: എകെജിയുടെ ചരമവാർഷികത്തിൽ ഇത്തരം ഒരു അനുസ്മരണം കോൺഗ്രസ് നേതാക്കൾ നടത്തുന്നത് പതിവില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.

Written by - Binu Phalgunan A | Last Updated : Mar 22, 2023, 12:55 PM IST
  • മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവ് എന്നാണ് വിഎം സുധീരൻ എകെജിയെ വിശേഷിപ്പിക്കുന്നത്
  • എകെജിയെ നേരിട്ട് കണ്ടതിന്റെ ഓർമകളും അദ്ദേഹം പങ്കുവയ്ക്കുന്നു
  • പ്രിയപ്പെട്ട എകെജിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്
VM Sudheeran: എകെജിയെ അനുസ്മരിച്ച് വിഎം സുധീരന്‍; കോണ്‍ഗ്രസിലെ 'മിസ്റ്റര്‍ ക്ലീന്‍' ഇനി ഇടത്തോട്ടോ? ചര്‍ച്ചകള്‍...

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ അനിഷേധ്യ നേതാവും ആദ്യ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ആയിരുന്ന എകെ ഗോപാലനെ അനുസ്മരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതം മുഴുവനും പാവങ്ങള്‍ക്കും കര്‍ഷക തൊഴിലാളി സമൂഹത്തിനും മാനവരാശിയ്ക്കും നേരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് എകെജിയപടെ വേര്‍പാടിന് 46 വര്‍ഷം എന്ന് പറഞ്ഞുകൊണ്ടാണ് സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

നിലവില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയാണ് വിഎം സുധീരന്‍. എകെ ആന്റണിയ്ക്ക് ശേഷം അഴിമതിവിരുദ്ധ പ്രതിച്ഛായ ചാര്‍ത്തിക്കൊടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം. കോണ്‍ഗ്രസ് പുന:സംഘടനയിലെ അതൃപ്തിയെ തുടര്‍ന്ന് 2021 ല്‍ വിഎം സുധീരന്‍ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ രാജി.

 

എകെജിയെ കുറിച്ചുള്ള വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ, കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റും ആയ വിടി ബല്‍റാമിനെ വിമര്‍ശിച്ചുകൊണ്ടും ആളുകള്‍ രംഗത്ത് വരുന്നുണ്ട്. എകെജിയ്‌ക്കെതിരെ വിടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതാണ്. അന്ന് കോണ്‍ഗ്രസ് നേതൃത്വം പോലും ബല്‍റാമിനെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ല.

വിഎം സുധീരന്‍ ഇപ്പോള്‍ എകെജിയെ അനുസ്മരിച്ചുകൊണ്ട് രംഗത്ത് വന്നതിന് പിന്നില്‍ രാഷ്ട്രീയമായ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയരുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഒക്കെ ആയിരുന്ന ടിവി തോമസ് ഇപ്പോള്‍ ഇടതുപാളയത്തിലാണ് എന്നതും ഇതോടൊപ്പം പലരും ചേര്‍ത്തുവായിക്കുന്നുണ്ട്. 

കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന ആളല്ല വിഎം സുധീരന്‍. എന്നാല്‍ കോണ്‍ഗ്രസ് അംഗത്വത്തിന് മദ്യത്തിനുള്ള വിലക്കില്‍ ഇളവ് നല്‍കിയ പ്ലീനറി സമ്മേളന തീരുമാനത്തിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ എതിര്‍പ്പുന്നയിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയക്കുകയും ചെയ്തു. 

കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് വഴക്ക് കൊടികുത്തി നിന്ന കാലഘട്ടത്തില്‍ ആയിരുന്നു ഹൈക്കമാന്‍ഡ് ഇടപെട്ട് വിഎം സുധീരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് ശേഷം ആയിരുന്നു അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തത്. 2014 ല്‍ സ്ഥാനം ഏറ്റെടുത്ത സുധീരന്‍ 2017 ല്‍ സ്ഥാനം ഒഴിയുകയും ചെയ്തു. അന്നും ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രാജി. എന്നാല്‍ ഗ്രൂപ്പുകളുടെ പോരിനിടയില്‍ പെട്ട് മനംമടുത്തായിരുന്നു അദ്ദേഹത്തിന്റെ പിന്‍മാറ്റം എന്നാണ് അണിയറക്കഥകള്‍.

വിഎം സുധീരന്റെ പോസ്റ്റ് വായിക്കാം...

ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കും കര്‍ഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ വേര്‍പാടിന് 46-ാം വര്‍ഷമായി.

കോണ്‍ഗ്രസിന് 364 എം.പി.മാര്‍ ഉണ്ടായിരുന്ന ആദ്യ ലോക്‌സഭയില്‍ 16 പേരുടെ അംഗബലവുമായി ജയിച്ചുവന്ന എ.കെ.ജിയെ പ്രതിപക്ഷ നേതൃപദവിയുടെ പരിഗണന നല്‍കി ആദരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണ്. പ്രതിപക്ഷ ശബ്ദത്തിന് അര്‍ഹമായ പരിഗണന നല്‍കിയ ജവഹര്‍ലാല്‍ നെഹ്‌റുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എ.കെ.ജി.യും തങ്ങളുടെ സാന്നിധ്യംകൊണ്ട് ധന്യമാക്കിയ പാര്‍ലമെന്റിന്റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. ജനാധിപത്യ അവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്ന ഇന്നത്തെ പാര്‍ലമെന്റിന്റെ ദുരവസ്ഥ രാജ്യത്തിനുതന്നെ അപമാനകരമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരള നിയമസഭയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമല്ല.

ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും പാര്‍ലമെന്റും നിയമസഭയും നേരാവണ്ണം പ്രവര്‍ത്തിക്കാനും പാര്‍ലമെന്ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെ.

കെ.എസ്.യു പ്രസിഡന്റായിരിക്കെ എം.എല്‍.എ. ഹോസ്റ്റലില്‍വച്ച് എ.കെ.ജി.യെ നേരിട്ടുകണ്ടതും അന്നത്തെ ഹൃദ്യമായ ആശയവിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രിയപ്പെട്ട എ.കെ.ജിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News