'കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം', കലിപ്പടങ്ങാതെ സുധീരന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ശാന്തനാകില്ലെന്നുറപ്പിച്ച് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. 

Last Updated : Jun 13, 2018, 12:31 PM IST
'കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം', കലിപ്പടങ്ങാതെ സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ശാന്തനാകില്ലെന്നുറപ്പിച്ച് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. 

മൂന്നു മുന്നണികളുമായും വിലപേശല്‍ നടത്തിയ മാണിയ്ക്ക് യാതൊരു വ്യവസ്ഥയും കൂടാതെ രാജ്യസഭാ സീറ്റ് വച്ച് നീട്ടിയത് പാര്‍ട്ടി നേതൃത്വം കാട്ടിയ ഹിമാലയന്‍ മണ്ടത്തരമെന്ന് സുധീരന്‍ തുറന്നടിച്ചു. കെ എം മാണി ചാഞ്ചാട്ടക്കാരനാണ്. കൂടാതെ നാളെ മാണി ബിജെപിയ്ക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ് എന്നും അദ്ദേഹം ചോദിച്ചു.

മൂന്നു മുന്നണികളുമായും സമദൂരം പാലിക്കുമെന്ന് പറയുന്ന മാണി യഥാര്‍ത്ഥത്തില്‍ വിലപേശല്‍ നടത്തുകയാണ് ചെയ്തത് എന്നും സുധീരന്‍ പറഞ്ഞു. ഈയവസരത്തില്‍ പാര്‍ട്ടി കൈക്കൊണ്ട തീരുമാനത്തിന്‍റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സങ്കുചിത മനോഭാവവും താത്പര്യവുമാണ് ഉള്ളതെന്നും സംസ്ഥാന നേതൃത്വത്തിന്‍റെത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഈ തീരുമാനം ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇപ്പോള്‍ കേരളത്തില്‍ യുഡിഎഫ് വരുത്തിയ നഷ്ടം യഥാര്‍ത്ഥത്തില്‍ യുപിഎയ്ക്കാണ് സംഭവിച്ചത്. ഇവിടെ നേട്ടം ബിജെപിയ്ക്കാണ്. യുപിഎയ്ക്ക് ലോക്‌സഭയില്‍ സീറ്റ് കുറയുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. സംസ്ഥാന നേതൃത്വത്തിന്‍റെ സങ്കുചിത നിലപട് ബിജെപിക്കെതിരായ ദേശീയനീക്കത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതാവും ഇങ്ങനെ തീരുമാനിക്കില്ല, അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കളുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം തുടരുമെന്നദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ താന്‍ ഓരോ പടി കടന്നാണ് കെ.പി.സി.സി അധ്യക്ഷ പദവി വരെ എത്തിയത്. പാര്‍ട്ടിയില്‍ തെറ്റ് കണ്ടാല്‍ വിമര്‍ശിക്കുമെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

താന്‍ കെ.പി.സി.സി അധ്യക്ഷനായിരുന്നപ്പോള്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് നിര്‍ദേശിച്ചപ്പോള്‍ അതിന് എതിര്‍ത്ത് പരസ്യ പ്രസ്താവന നടത്തിയത് ഇപ്പോഴത്തെ അധ്യക്ഷന്‍ എം.എം. ഹസനും അദ്ദേഹത്തിന് കൂട്ട് നിന്നത് ഉമ്മന്‍ചാണ്ടിയുമാണെന്ന് അദ്ദേഹം പറഞ്ഞു. അണികളുടെ വിശ്വാസം നേതാക്കള്‍ തിരികെ പിടിക്കണം. പരസ്യപ്രസ്താവന വിലക്കിയതുകൊണ്ട് മാത്രം കാര്യമായില്ല എന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കിയതെന്നും, മുന്നണിയില്‍ ഇല്ലാതിരുന്ന ഒരു പാര്‍ട്ടിയ്ക്ക് സീറ്റ് നല്‍കിയത് ന്യായീകരിക്കാനാവില്ല എന്നും വി.എം. സുധീരന്‍ മുന്‍പ്   അഭിപ്രായപ്പെട്ടിരുന്നു. 

 

 

Trending News