Janakeeya Prathirodha Yatra: വിവാദങ്ങളും പ്രതിരോധങ്ങളും ഉടനീളം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം

CPM state secretary MV Govindan: ജനകീയ പ്രതിരോധ യാത്ര ഇന്ന് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Written by - Abhijith Jayan | Edited by - Roniya Baby | Last Updated : Mar 18, 2023, 01:09 PM IST
  • സ്വർണ്ണക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലും ഇഡി നടപടികൾ ഏറ്റുപിടിച്ച് സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസ് കൊടുക്കേണ്ടി വന്നതും ചർച്ചയായി
  • ജാഥ തലസ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ എംവി ഗോവിന്ദൻ ഇതിന് പിന്നാലെ ഇറങ്ങുകയും ചെയ്തു
  • ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സർക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോഴും അത് ജാഥയെ ബാധിച്ചില്ല
  • എല്ലാദിവസവും മാധ്യമപ്രവർത്തകരെ കാണുമ്പോൾ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പെടെ സംസ്ഥാന സെക്രട്ടറി പ്രതികരണവും നൽകിയിരുന്നു
Janakeeya Prathirodha Yatra: വിവാദങ്ങളും പ്രതിരോധങ്ങളും ഉടനീളം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ഇന്ന് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വിവാദങ്ങളുടെ കുരുക്കഴിച്ചും സർക്കാർ നേട്ടങ്ങൾ എണ്ണി പറഞ്ഞുമാണ് ജാഥ മുന്നോട്ടു പോയത്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ സംഘടന തലപ്പത്ത് എംവി ഗോവിന്ദന്റെ ചുമതല ഊട്ടിയുറപ്പിക്കുന്നതായി ജാഥയെന്നാണ് വിലയിരുത്തൽ.

പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ  നടത്തുന്ന പതിവ് ജാഥയുടെ രീതിയിൽ നിന്ന് വ്യത്യസ്തമായാണ് ഇക്കുറി സിപിഎം നേരത്തെ തന്നെ ജാഥയുമായി രംഗത്തിറങ്ങിയത്. ജനകീയ പ്രതിരോധ യാത്ര എന്ന പേരിൽ ഫെബ്രുവരി പതിനെട്ടിന് കാസർകോട് നിന്ന് തുടങ്ങിയ ജാഥക്ക് കൊടി വീശി തുടക്കം കുറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വിവാദങ്ങൾ ഒന്നൊന്നായി പെരുമഴ പോലെ പെയ്തിറങ്ങിയെങ്കിലും പ്രതിരോധിക്കേണ്ടതൊക്കെ രാഷ്ട്രീയം പറഞ്ഞ് പ്രതിരോധിച്ചാണ് യാത്ര മുന്നോട്ട് പോയത്.

ALSO READ: MV Govindan: ചാരിറ്റി രാഷ്ട്രീയപ്രവർത്തനമല്ല, സുരേഷ് ​ഗോപി തൃശൂരിൽ ജയിക്കില്ലെന്ന് എംവി ​ഗോവിന്ദൻ; മാധ്യമങ്ങൾക്കും വിമർശനം

കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്തി ജനദ്രോഹനയങ്ങൾ തുറന്നുകാട്ടുന്നതായിരുന്നു സ്വീകരണ യോഗങ്ങളിലെ പ്രസംഗങ്ങളിൽ കണ്ടത്. സംസ്ഥാന സെക്രട്ടറിക്ക് പുറമേ ജാഥ മാനേജറായി പി.കെ ബിജുവും സ്ഥിരാംഗങ്ങളായി ജെയ്ക്ക് സി തോമസും, കെടി ജലീലും സിഎസ് സുജാതയും എം.സ്വരാജുമുൾപ്പടെയുള്ളവർ സമ്മേളന വേദികളിൽ സജീവമായി. ആകാശ് തില്ലങ്കേരി വിഷയം, മുഖ്യമന്ത്രിയുടെ സുരക്ഷ, സംസ്ഥാന ബജറ്റിലെ അധിക നികുതി നിർദേശങ്ങളുടെ പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയവ കത്തി നിൽക്കുമ്പോഴായിരുന്നു ജാഥ തുടങ്ങിയത്. 

ജാഥ തുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ വിട്ടുനിന്നത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കി. പിന്നീട് സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കാണുമ്പോൾ മാധ്യമപ്രവർത്തകർ നിരന്തരം അദ്ദേഹത്തോട് ചോദിച്ചു കൊണ്ടിരുന്നതും ഇപി ജയരാജന്റെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു. എന്നാൽ, ഇപിയുടെ അസാന്നിധ്യം ബാധിക്കാത്ത വിധത്തിൽ ആദ്യഘട്ടത്തിൽ ജാഥയെ മുന്നോട്ടു കൊണ്ടുപോകാനായി എന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.

ഇടതുമുന്നണി കൺവീനറുമായി യാതൊരു പ്രശ്നവും അഭിപ്രായ ഭിന്നതയും തനിക്കില്ലെന്ന് പറഞ്ഞ എംവി  ഗോവിന്ദൻ ജനകീയ പ്രതിരോധ യാത്ര അവസാനിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഒപ്പം ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജാഥ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃശൂരിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ഇപി ജയരാജൻ താൻ പാർട്ടിക്കൊപ്പമാണെന്ന സന്ദേശവും നൽകിയതും ജാഥയ്ക്ക് നേട്ടമുണ്ടാക്കി.

ALSO READ: Brahmapuram Fire: ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ

സ്വർണ്ണക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലും ഇഡി നടപടികൾ ഏറ്റുപിടിച്ച് സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസ് കൊടുക്കേണ്ടി വന്നതും ചർച്ചയായി. ജാഥ തലസ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ എംവി ഗോവിന്ദൻ ഇതിന് പിന്നാലെ ഇറങ്ങുകയും ചെയ്തു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സർക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോഴും അത് ജാഥയെ ബാധിച്ചില്ല. എല്ലാദിവസവും മാധ്യമപ്രവർത്തകരെ കാണുമ്പോൾ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പെടെ സംസ്ഥാന സെക്രട്ടറി പ്രതികരണവും നൽകിയിരുന്നു.

കെ-റെയിൽ വിഷയത്തിലെ പ്രതികരണവും, സുരേഷ് ഗോപിയുടെ പ്രസംഗത്തിന് നൽകിയ രാഷ്ട്രീയമറുപടിയും ജാഥാ ക്യാപ്റ്റൻ എന്ന നിലയ്ക്ക് രാഷ്ട്രീയ പ്രസംഗത്തിൽ എംവി ഗോവിന്ദനെ ശ്രദ്ധേയനാക്കി. തെറ്റുതിരുത്തൽ രേഖ കർശനമായി നടപ്പാക്കിക്കൊണ്ട് അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കാനും ജാഥയിൽ ഉടനീളം കഴിഞ്ഞതും നേട്ടമായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.

മാത്രമല്ല, അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതോടൊപ്പം തന്നെ മൂന്ന് വർഷത്തിനിപ്പുറം ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ കൂടി അഭിമുഖീകരിക്കേണ്ട സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.

വിവാദങ്ങൾക്കിടയിലും സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകരെ വിവിധ ജില്ലകളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായി പാർട്ടി കാണുന്നുണ്ട്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ സംഘടന തലപ്പത്ത് എംവി ഗോവിന്ദൻ്റെ ചുമതല ഊട്ടിയുറപ്പിക്കുന്നതായി ജനകീയ പ്രതിരോധ ജാഥയെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ രാഷ്ട്രീയ കേരളം ഇനി എംവി ഗോവിന്ദന്റെ വാക്കുകളിലേക്ക് കൂടുതൽ ശ്രദ്ധയൂന്നും എന്നുതന്നെയാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News