കൊച്ചി: സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം തീരദേശ നിയമം ലംഘിച്ച് മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ ഇന്ന് സ്ഫോടനത്തിലൂടെ നിലംപരിശായപ്പോള്‍ ഓര്‍മ്മവരുന്നത് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വക്കുകളാണ്.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കരുത്തേറിയ നിലപാടാണ് ഈ തീരുമാനത്തിന് ആധാരം. കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ പല ന്യായങ്ങളുമായി വന്നവരുടെ ഒരുകാര്യവും അദ്ദേഹത്തിന്‍റെ മുന്നില്‍ നടന്നില്ല.
ഈ വിഷയത്തില്‍ നിരവധി പരാമര്‍ശനങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത്. കേസ് പരിഗണിച്ചപ്പോള്‍ കേരളം എന്താ ഇന്ത്യയിലല്ലേ, നിയമങ്ങള്‍ കേരളത്തിനും ബാധകമല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.
കേരള ഹൈക്കോടതിക്കും സുപ്രീംകോടതിയ്ക്കും ഉത്തരവ് പാലിക്കാന്‍ ബാദ്ധ്യതയുണ്ട് തുടങ്ങി പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു.
മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് പഞ്ചായത്ത് അയച്ച കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചു.
ഇത് ഹൈക്കോടതി പരിശോധിച്ചാല്‍പ്പോരേ എന്ന് അരുണ്‍ മിശ്ര ആദ്യം തന്നെ ചോദിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി പരിഗണിച്ചാല്‍ മതിയെന്ന് നിര്‍മാതാക്കള്‍ പറഞ്ഞതോടെ ജസ്റ്റിസ് മിശ്ര സമ്മതിക്കുകയായിരുന്നു.
ഉത്തരവ് സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് മിശ്ര വിസമ്മതിച്ചതിനു പിന്നാലെ അവധിക്കാലത്ത് മറ്റൊരു ബെഞ്ചില്‍നിന്ന് റിട്ട് ഹര്‍ജിക്കാര്‍ സ്റ്റേ വാങ്ങി. എന്നാല്‍ സ്റ്റേ നല്‍കിയ ബെഞ്ചിനെതിരേയും ജസ്റ്റിസ് മിശ്ര വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.
മരട് ഫ്ലാറ്റ് ഉടമകള്‍ക്കെല്ലാം 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. നിര്‍മാതാക്കള്‍ ചേര്‍ന്ന് 20 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ തല്‍ക്കാലം ഒഴിവാക്കുമെന്നും കോടതി അറിയിച്ചു.
പൊളിക്കാനുള്ള ഉത്തരവ് വരുന്നതുവരെ ഫ്ലാറ്റുടമകള്‍ സുപ്രീംകോടതിയിലെത്തിയിരുന്നില്ല. ഈ ഫ്ലാറ്റുകളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുകയായിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍തന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാണ് നിയമപരമായ മാര്‍ഗമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും കോടതിയുത്തരവ് ചോദ്യം ചെയ്യും വിധം പലതരം റിട്ട് ഹര്‍ജികളുമായിട്ടാണ് അവര്‍ എത്തിയത്.
ഇത് അക്ഷരാര്‍ത്ഥത്തില്‍ ജസ്റ്റിസ് മിശ്രയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളികൊണ്ട് ഫ്ലാറ്റ് പൊളിക്കണമെന്ന നിലപാടില്‍ കോടതി എത്തുകയും ചെയ്തു.