തിരുവനന്തപുരം: ശാസ്തമംഗലം പൈപ്പിൻമൂട് റോഡിലുള്ള ''കലക്കാച്ചി" എന്ന ഹോട്ടലിലെത്തിയാൽ പിന്നെ വായിൽക്കൂടി കപ്പലോടും. കലക്കാച്ചിയിൽ നല്ല കിടിലൻ നാടൻ ഷാപ്പ് ഊണ് കിട്ടും. നല്ല ഒന്നാന്തരം നാടൻ മീൻകറിയും ചെമ്മീൻ ചമ്മന്തിയും പപ്പടവും കിച്ചടിയും തോരനും ഉൾപ്പെടെ നിരവധി വിഭവങ്ങളാണ് ഇവിടുത്തെ ഊണിന്റെ പ്രത്യേകത.
മൂന്ന് തരം അച്ചാറുകൾ, കിച്ചടി, പപ്പടം, മുളക്, തോരൻ, അവിയൽ, കപ്പ... ഭക്ഷണപ്രേമികളെ കൊതിപ്പിക്കുന്ന വിഭവങ്ങളാണ് കലക്കാച്ചിയിലെ മെനുവിലുള്ളത്. മീനച്ചാറും ബീറ്റ്റൂട്ട് കിച്ചടിയുമാണ് കലക്കാച്ചിയിലെ നാടൻ ഊണിൻ്റെ പ്രധാന ഹൈലൈറ്റ്. നാരകത്തിൻ്റെ ഇല ചേർത്ത സ്പെഷ്യൽ ചമ്മന്തിയാണ് ഊണിനൊപ്പം കിട്ടുന്നത്. ചോറിനൊപ്പം സാമ്പാറും കൂട്ടു കറികളും മീൻകറിയും ഉൾപ്പടെ ലഭിക്കും. വെറും 50 രൂപയ്ക്കാണ് കലക്കാച്ചി ഹോട്ടലിൽ നാടൻ ഊണ് ലഭിക്കുന്നത്. ഊണിനൊപ്പം മീൻകറിയും മീൻ ഫ്രൈയും കഴിക്കാൻ 100 രൂപയാണ്.
ശാസ്തമംഗലം സ്വദേശി ഗീതകുമാരിയാണ് ഹോട്ടൽ നടത്തുന്നത്. വീടിനോട് ചേർന്നുള്ള മുറിയിലാണ് കലക്കാച്ചി ഹോട്ടൽ പ്രവർത്തിക്കുന്നത്. വീട്ടിൽ പൊടിച്ചെടുക്കുന്ന മുളകുപൊടിയും മസാലപ്പൊടിയുമൊക്കെയാണ് വിഭവങ്ങൾ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. പരിമിതമായ സൗകര്യമുള്ളയിടത്ത് ഗുണമേന്മയുള്ള വില കുറഞ്ഞ മികച്ച ഭക്ഷണം കിട്ടുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഉപ്പിലിട്ട നെല്ലിക്ക അച്ചാറും ഇവിടുത്തെ സ്പെഷ്യൽ വിഭവമാണ്.
ഊണിന് പുറമേ നല്ല നാടൻ പഴങ്കഞ്ഞി കുടിക്കണമെന്ന് തോന്നിയാലും ഇങ്ങോട്ട് പോരാം. കാന്താരിമുളകും കപ്പയും ചമ്മന്തിയും മാങ്ങ അച്ചാറും തൈരും മീൻ വറുത്തതും ഉൾപ്പെടെ ചേർത്തുള്ള ഈ പഞ്ചവർണ്ണ പഴങ്കഞ്ഞിക്ക് വൻ ഡിമാൻ്റാണ്. അറിഞ്ഞും കേട്ടും ഇവിടേക്ക് നിരവധി ഭക്ഷണ പ്രേമികളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...