കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ കാർ പരിശോധനയ്ക്ക് വിധേയമാക്കി മോട്ടോർ വാഹന വകുപ്പും ഫൊറൻസിക് ഉദ്യോഗസ്ഥരും. ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് അൽപം ദ്രാവകമടങ്ങിയ പ്ലാസ്റ്റിക് കുപ്പിയുടെ ഭാഗങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ചു. ഇതിനു മീതെ കാറിലെ പ്ലാസ്റ്റിക് ഭാഗങ്ങൾ ഉരുകിവീണിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച നടത്തിയ പരിശേധനയിലും സമാനമായ അവശിഷ്ടം കാറിനകത്ത് നിന്ന് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കണ്ടെത്തിയ കുപ്പിയിലെ ദ്രാവകമെന്തെന്നും ഇത് തീപടരാൻ കാരണമായിട്ടുണ്ടോയെന്നും വിദഗ്ധ പരിശോധനയിലെ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാറിൽ നിന്ന് കണ്ടെത്തിയ കുപ്പിയിൽ പെട്രോൾ ആയിരുന്നുവെന്ന പ്രചാരണം കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും നിഷേധിച്ചിരുന്നു. കുപ്പിയിൽ പെട്രോൾ ആയിരുന്നെങ്കിൽ കാർ പൂർണമായി കത്തുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം കാറിനകത്ത് മൂന്ന് കുപ്പി വെള്ളം ഉണ്ടായിരുന്നുവെന്ന് മരിച്ച റീഷയുടെ പിതാവ് വിശ്വനാഥൻ പറഞ്ഞു. രാസപരിശോധനാ ഫലം വരും മുൻപ് ഇത്തരം പ്രചാരണം പാടില്ലെന്നും ഉദ്യോഗസ്ഥരടക്കം വ്യക്തമാക്കി.
Also Read: വെഞ്ഞാറമ്മൂട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
സ്റ്റീയറിങ്ങിന്റെ അടിഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടിൽ നിന്നും വന്ന തീപ്പൊരിയാണ് കാറിന് തീ പിടിക്കാനിടയാക്കിയതെന്ന് മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഡ്രൈവിങ്ങിൽ പ്രശ്നങ്ങളുണ്ടായിട്ടില്ല. കാറിൽ റിവേഴ്സ് ക്യാമറയും ഇതിന്റെ ഭാഗമായ ഇൻഫോടെയ്മെന്റ് സിസ്റ്റവും പുതിയതായി ഘടിപ്പിച്ചിരുന്നു. ഇതിന്റെ വയറിങ്ങിൽ നിന്നാകാം ഷോർട് സർക്യൂട്ടുണ്ടായതെന്നും മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ആർടിഒമാരായ ഇ. ഉണ്ണിക്കൃഷ്ണൻ, എ.സി.ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. കെ.കെ.വിശ്വനാഥൻ, സഹോദര ഭാര്യ സജിന എന്നിവരിൽ നിന്ന് ഇന്നലെ മൊഴിയെടുത്തു. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെയും ദൃക്സാക്ഷികളുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തി.
മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ പ്രജിത്, ഭാര്യ റീഷ എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് റീഷയെ കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നു. പ്രജിത്ത് ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കൊപ്പം മുൻസീറ്റിലാണ് റീഷ ഇരുന്നിരുന്നത്. പുറകിൽ കുട്ടിയടക്കം നാല് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാനായില്ല. തീപിടിച്ച് അൽപ്പസമയത്തിനുളളിൽ പ്രജിത്ത് പുറകിലെ ഡോർ തുറന്നു കൊടുത്തതിനാൽ പിൻസീറ്റിലുണ്ടായിരുന്ന കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടു. എന്നാൽ മുൻ വശത്തെ ഡോർ ജാമായതിനാൽ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...