തൃശ്ശൂർ: കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ പിരിച്ചുവിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിന്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരന്‍ പ്രസിഡന്റായിരിക്കുന്ന ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടിരിക്കുന്നത്.
മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തി. സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനിൽ, കിരൺ, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തിട്ടുണ്ട്. ടി.ആർ. സുനിൽകുമാറും ബിജുവും സി.പി.എം. ലോക്കൽ കമ്മിറ്റി അംഗങ്ങളും ജിൽസ് പാർട്ടി അംഗവുമാണ്.
46 ആളുകളുടെ പേരിൽ എടുത്ത 22.85 കോടി രൂപ മുഴുവൻ കിരൺ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രം ഒന്നരക്കോടിയിലധികം കുറവുണ്ടെന്ന് കണ്ടെത്തി.
വായ്പയെടുത്തവർ ഈടുനൽകിയ വസ്തുവകകൾ വച്ചാണ് അവരറിയാതെ വീണ്ടും വായ്പ എടുത്തിയിരിക്കുന്നത്. തിരിച്ചടവ് ഇല്ലാതെ പലർക്കും ജപ്തിനോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. നിക്ഷേപകർക്ക് ആഴ്ചയിൽ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. തുടർന്നാണ് അന്വേഷണം നടത്തിയത്. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നും 100 കോടിയിൽ ഒതുങ്ങുന്നതല്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.