കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വീറ്റ് ചെയ്ത സംഭവം: പിണറായിക്കെതിരെ പരാതി

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. കെ അനീഷാണ് പരാതി നല്‍കിയത്.

Last Updated : May 4, 2018, 01:27 PM IST
കത്വ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വീറ്റ് ചെയ്ത സംഭവം: പിണറായിക്കെതിരെ പരാതി

തൃശൂര്‍: കാശ്മീരിലെ കത്വയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വീറ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി. 

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. കെ അനീഷാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

കത്വ ജില്ലയില്‍ ക്ഷേത്രത്തിനകത്തുവെച്ചാണ് മുസ്ലിം നാടോടി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ ജമ്മു കാശ്മീര്‍ മന്ത്രിസഭയിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞതോടെ സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.

രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പിയ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും ശക്തമായ ഭാഷയിലൂടെ കൊലപാതകത്തെ നിരവധിപ്പേര്‍ അപലപിച്ചിരുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും സാംസ്കാരിക സാമൂഹിക രംഗത്തുള്ളവരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രിയും പ്രതിഷേധിക്കുകയായിരുന്നു.

Trending News