തിരുവനന്തപുരം: സ്വപ്നയും മുഖ്യമന്ത്രിയും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് റിപ്പോർട്ടിനെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രിയും മാത്യു കുഴൽനാടനും തമ്മിൽ ശക്തമായ വാക്പോര്. ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ആക്ഷേപം വസ്തുതാ വിരുദ്ധമെങ്കിൽ കോടതിയെ സമീപിക്കാനായിരുന്നു കുഴൽനാടന്റെ വെല്ലുവിളി. റിമാൻഡ് റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് സ്‌പീക്കർ നിലപാടെടുത്തു.
ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തരപ്രമേയ നോട്ടീസ്. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിലെ തെളിവുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം സ്ഥാപിക്കാനായിരുന്നു മാത്യു കുഴൽനാടന്റെ ശ്രമം. യൂണിടാകും-റെഡ് ക്രെസന്റുമായുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്വമില്ലെന്ന് മന്ത്രി എംബി രാജേഷ് മറുപടി നൽകി.
ശിവശങ്കർ - സ്വപ്ന വാട്സ്ആപ് ചാറ്റുകൾ അടിസ്ഥാനമാക്കിയുള്ള മാത്യു കുഴൽനാടന്റെ ആരോപണത്തിലും മുഖ്യമന്ത്രിയുടെ മറുപടിയിലും സഭ പ്രക്ഷുബ്ധമായി. ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു . 10 മിനിട്ടോളം സഭാ നടപടികൾ നിർത്തിവച്ചു. ഇ.ഡി റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയക്കാമെന്ന് കുഴൽനാടൻ പറഞ്ഞെങ്കിലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർ അതു വിലക്കി.
സംസ്ഥാന ഏജൻസികളുടെ അന്വേഷണ പരിധിയിൽ നിൽക്കാത്ത വിഷയമായതു കൊണ്ടാണ് സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ യുക്തി ലൈഫ് മിഷൻ കേസിലും ബാധമാകില്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. സ്പീക്കറെ പോലും അഗീകരിക്കാതെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണപക്ഷമാണ് സഭ സത്ംഭിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...