ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റെ പരിഗണനയില്‍ വരുന്നത്.   

Last Updated : Nov 5, 2018, 08:46 AM IST
ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവും പൊലീസ് നടപടിയും ഉള്‍പ്പെടെയുള്ള മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ മണ്ഡലകാലത്ത് താല്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമസംഭവങ്ങളുടെ വീഡിയോ ദ്യശ്യങ്ങളും പൊലിസ് കോടതിയില്‍ ഹാജരാക്കിയേക്കും.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റെ പരിഗണനയില്‍ വരുന്നത്. ദേവസ്വത്തിന്‍റെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഹര്‍ജി കോടതി ഒക്ടോബർ 30 ന് പരിഗണിച്ചിരുന്നു. ഇതിൽ ശബരിമലയില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിരുന്നു.

മണ്ഡലകാലത്ത് താല്‍ക്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രകാരമാണെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി. 

തുലാമാസ പൂജയോടനുബന്ധിച്ച് ശബരിമലയില്‍ നടന്ന സംഘര്‍ഷത്തിന്‍റെ പേരില്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാറിനോട് പൊലിസ് അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ശബരിമലയില്‍ വാഹനം തകര്‍ത്തതടക്കം വിവിധ അക്രമങ്ങളില്‍ പങ്കാളികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികള്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.

Trending News