തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയമെന്നും അതു കൊണ്ടാണ് ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്നതെന്നും ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. കൊച്ചിയിലെ ഗുണ്ടാ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസില്‍ നിന്നും പി.ടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സി.പി.എം നേതാക്കൾക്കും മധ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടാസംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് പി.ടി തോമസ് ആരോപിച്ചു. കൊച്ചി നഗരത്തിലെ പ്രശ്നങ്ങളാണ് പി.ടി.തോമസ് പ്രധാനമായും ഉയർത്തിക്കാട്ടിയത്.
എന്നാൽ, സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾക്ക് രാഷ്ട്രീയകവചമൊരുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. തന്‍റെ അടുത്തുനിൽക്കുന്ന ആളാണെങ്കിലും സംരക്ഷണമുണ്ടാകില്ല.
ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അടുത്തകാലത്ത് ഗുണ്ടാസംഘങ്ങള്‍ തലപ്പൊക്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരെ നേരിടാന്‍ പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കും. പോലീസും ഗുണ്ടകളുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. ഗുണ്ടകളെ നിലയ്ക്കുനിര്‍ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ, സി.പി.എം നേതാക്കള്‍ക്ക് ഗുണ്ടാബന്ധമുണ്ടെന്ന പരാമര്‍ശം സഭാരേഖയില്‍ നിന്ന് നീക്കണമെന്ന് ഇ.പി ജയരാജനും എസ്.ശര്‍മ്മയും ഉന്നയിച്ചു. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും സഭയെ അറിയിച്ചു.