കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് നഗരഹൃദയത്തിലേക്ക് കൊച്ചി മെട്രോ ഇന്ന് കുതിച്ചെത്തും. പുതിയ പാത ഉദ്ഘാടനം ചെയ്യാനുള്ള കെഎംആർഎൽന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. പിന്നീട് മഹാരാജാസ് വരെ മെട്രോയില്‍ യാത്ര.
അതിനുശേഷം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീര്‍ഘിപ്പിച്ച മെട്രോ സര്‍വീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള ജനപ്രതിനിധികളും പങ്കെടുക്കും. ഉദ്ഘാടന പ്രഖ്യാപനത്തിന്‍റെ അതേസമയം തന്നെ പുതിയ സര്‍വീസിന്‍റെ ടിക്കറ്റ് വിതരണവും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആലുവ മുതല്‍ മഹാരാജാസ് വരെ 50 രൂപയാണ് ടിക്കറ്റ് നിരക്ക്. മിനിമം ചാര്‍ജ് 10 രൂപയായി തുടരും. കൂടുതല്‍ ഫീഡര്‍ സര്‍വീസുകളും സ്ഥിരം യാത്രക്കാര്‍ക്കായി പ്രത്യേക ഫെയര്‍പാക്കേജുകളും കെഎംആര്‍എല്‍ ഏര്‍പ്പെടുത്തും. കൊച്ചിയുടെ നഗരമധ്യത്തിലേക്ക് ആദ്യ ദിവസം മെട്രോ കയറി എത്തുന്നവര്‍ക്ക് അവരവരുടെ തന്നെ കാരിക്കേച്ചര്‍ സമ്മാനമായി ലഭിക്കും. ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച കാരിക്കേച്ചറിസ്റ്റ് ബി.സജ്ജീവിന്‍റെ നേതൃത്വത്തില്‍ 10 കാർട്ടൂണിസ്റ്റുകളാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങള്‍ വരയ്ക്കുക. സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയക്ക് 12 മുതൽ 2 മണി വരെയാണ് തത്സമയ കാരിക്കേച്ചർ രചന.