കൊച്ചി: ഓണം അടുത്തെത്തിയതോടെ അരിയുടെ കൃത്രിമ വിലക്കയറ്റം തടയാൻ ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ആന്ധ്രയില്‍ നിന്നും നേരിട്ട് അരി വാങ്ങുന്നു. ഇത് ആദ്യമായാണ് സര്‍ക്കാര്‍ നേരിട്ട് ഇടപാട് നടത്തുന്നത്. മുന്‍പ് ഇടനിലക്കാർ മുഖേനയും ഏജന്റുമാർ മുഖാന്തരവുമായിരുന്നു അരി എത്തിച്ചിരുന്നത്.
ഇത്തവണ സപ്ലൈകോ ആന്ധ്രയിൽനിന്ന് 5000 ടണ്‍ ജയ അരിയാണ് വാങ്ങുന്നത്. ജൂലൈ അവസാന വാരത്തില്‍ ആന്ധ്രയിലെ മില്ലുടമകളുമായി ഇതുസംബന്ധിച്ച് നടത്തിയ ചർച്ചയിലാണ് ധാരണയായത്.
നേരിട്ടു അരി വാങ്ങുന്നത് വഴി ഇടനിലക്കാരെ ഒഴിവാക്കുവാനും അതുവഴി സര്‍ക്കാരിനു പണലാഭം എന്നതു മാത്രമല്ല കുറഞ്ഞ വിലയില്‍ അരി ഉപഭോക്താക്കളില്‍ എത്തിക്കുവാനും സാധിക്കും. ഓണത്തോടനുബന്ധിച്ച് അരിയുടെ കൃത്രിമ വിലക്കയറ്റം ഒരു പരിധി വരെ തടയാനും ഇതുവഴി സാധിക്കും.
കിഴക്കൻ ഗോദാവരി ജില്ലയിൽനിന്ന് 34.48 രൂപയ്ക്കു വാങ്ങുന്ന ജയ അരി സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ സബ്സിഡി നിരക്കിൽ 25 രൂപയ്ക്കും സബ്സിഡിയില്ലാതെ 36 രൂപയ്ക്കും വിറ്റഴിക്കും.
ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയന് ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂർത്തിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമനും ഉദ്യോഗസ്ഥരും ആന്ധ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2010നുശേഷം ഇതാദ്യമായാണ് ആന്ധ്രയിലെ മില്ലുകളിൽനിന്നു നേരിട്ട് സപ്ലൈകോ ജയ അരി വാങ്ങുന്നത്.
പുതിയ ഈ സംവിധാനം ഓണക്കാലത്തിനു ശേഷം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതു സംബന്ധിച്ച ഔപചാരിക രേഖയില്‍ ഓണത്തിനുശേഷം ഒപ്പുവയ്ക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പത്രക്കുറിപ്പില്‍ അറിയിച്ചു.