വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ് മൂത്രാശയക്കല്ല്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്തത്തിൽ എത്തിച്ചേരുന്നുണ്ട്. വൃക്കയില്‍ രക്തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച് കല്ലായി രൂപാന്തരപ്പെടും. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെനിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക് കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും. ഇവ മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുന്നു. കാത്സ്യം കല്ലുകള്‍, സ്‌ട്രുവൈറ്റ് കല്ലുകള്‍, യൂറിക് ആസിഡ് കല്ലുകള്‍, സിസ്‌റ്റീന്‍ കല്ലുകള്‍ എന്നിങ്ങനെ നാല് തരം കല്ലുകളാണ് സാധാരണയായി കാണപ്പെടുന്നത്.
കാത്സ്യം, യൂറിക് ആസിഡ്, ഓക്സലേറ്റ് തുടങ്ങിയ ക്രിസ്റ്റൽ രൂപപ്പെടുന്ന ധാതുക്കൾ ജെൽ ആകുകയും ഇവ ഒരുമിച്ച് പറ്റിനിൽക്കുകയും ചെയ്യുന്നു. പ്രായം, ജീവിതശൈലി, നിലവിലുള്ള രോഗാവസ്ഥകൾ എന്നിവ വൃക്കയിലെ കല്ലുകൾക്ക് കാരണമാകാറുണ്ട്. ചില കാലാവസ്ഥകളിലും മൂത്രത്തിൽ കല്ല് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, വേനൽക്കാലത്ത് കൂടുതൽ ജാഗ്രത പാലിക്കണം. കാരണം കഠിനമായ ചൂടിൽ ശരീരത്തിലെ ജലാംശം വളരെ വേഗത്തിൽ കുറയുന്നത് വൃക്കയിൽ കല്ലുണ്ടാകുന്നതിന് കാരണമാകും.
കാരണങ്ങൾ
നിർജ്ജലീകരണം: ദിവസേനയുള്ള ജലത്തിന്റെ അപര്യാപ്തതയും അമിതമായ വിയർപ്പും നിർജ്ജലീകരണത്തിനും അനുബന്ധമായി വൃക്കയിലെ കല്ലിനും കാരണമാകും. പ്രത്യേകിച്ചും, ചൂടുള്ള പ്രദേശങ്ങളിലോ വരണ്ട കാലാവസ്ഥയിലോ താമസിക്കുന്ന വ്യക്തികൾക്ക് വൃക്കയിൽ കല്ല് വരുന്നതിന് സാധ്യത കൂടുതലാണ്.
ALSO READ: കുട്ടികളിലെ അക്യൂട്ട് ഹെപ്പറൈറ്റിസ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
പ്രായം: സാധാരണയായി, കാത്സ്യം അടിഞ്ഞുകൂടുന്ന വൃക്കയിലെ കല്ലുകൾ പ്രായമായവരെ ബാധിക്കുന്നതാണ്. എന്നാൽ ചെറുപ്പക്കാർക്കിടയിലെ അമിതവണ്ണവും ജീവിതശൈലിയും വൃക്കകളിൽ കല്ല് വരുന്നതിന് കാരണമാകും.
ഭക്ഷണക്രമം: ഉയർന്ന പ്രോട്ടീൻ, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കിഡ്നി സ്റ്റോൺ സാധ്യത വർദ്ധിപ്പിക്കും. പ്രത്യേകിച്ച്, അധികമായി ഉപ്പ് ഉപയോഗിക്കുമ്പോൾ വൃക്കകൾ ഫിൽട്ടർ ചെയ്യുന്നതിനായി കാത്സ്യത്തിന്റെ അളവ് ഉയർത്തുന്നു, ഇത് കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അമിതഭാരം: അമിതഭാരം, പൊണ്ണത്തടി എന്നിവ വൃക്കയിലെ കല്ലുകൾക്ക് കാരണമാകും. ചില രോഗാവസ്ഥകളും ശസ്ത്രക്രിയകളും അപകടസാധ്യതകൾ ഉയർത്തുന്നു. പതിവായി മൂത്രനാളി അണുബാധ, ഹൈപ്പർപാരാതൈറോയിഡിസം, സിസ്റ്റിനൂറിയ അല്ലെങ്കിൽ വൃക്കസംബന്ധമായ ട്യൂബുലാർ അസിഡോസിസ് ഉള്ള രോഗികൾക്ക് അപകടസാധ്യതയുണ്ട്. വിറ്റാമിൻ സി, കാത്സ്യം എന്നിവ അടിസ്ഥാനമാക്കിയുള്ള പോഷകങ്ങൾ, വിഷാദം- മൈഗ്രെയ്ൻ എന്നിവയ്ക്കുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചില സപ്ലിമെന്റുകളും അപകടസാധ്യത ഉയർത്തുന്നു.
രോഗലക്ഷണങ്ങൾ
സാധാരണഗതിയിൽ, വൃക്കയിലെ കല്ലുകൾ പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നിരുന്നാലും, വൃക്കകൾക്കുള്ളിലെ കല്ലുകൾ അല്ലെങ്കിൽ മൂത്രനാളിയിലെ കല്ലുകൾ മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും വൃക്ക വീക്കത്തിന് കാരണമാവുകയും ചെയ്യും. അതിനാൽ, വാരിയെല്ലുകൾക്ക് താഴെയും വശത്തും പുറകിലും വേദന ഉണ്ടാകും. കൂടാതെ, മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടാകാം. അമിതമായി മൂത്രമൊഴിക്കൽ, ചുവപ്പ്/ തവിട്ട്/ പിങ്ക് നിറങ്ങളിലും ദുർഗന്ധമുള്ളതുമായ മൂത്രം തുടങ്ങിയവ ലക്ഷണങ്ങളാണ്. കഠിനമായ വേദന, മൂത്രത്തിൽ രക്തം എന്നിവ ഗുരുതരമായ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യ സഹായം തേടേണ്ടതാണ്.
ചികിത്സ
രക്തം, മൂത്രം, അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള ടെസ്റ്റുകൾ നടത്തി രോഗസ്ഥിരീകരണം നടത്താൻ സാധിക്കും. വൃക്കയിലെ കല്ലിന്റെ വലുപ്പത്തെയും കാരണത്തെയും ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുക. കഠിനമായ രക്തസ്രാവം, വൃക്ക തകരാറുകൾ അല്ലെങ്കിൽ മൂത്രനാളി അണുബാധ ലക്ഷണങ്ങൾ എന്നിവ ഉള്ളവർക്ക് കൂടുതൽ ചികിത്സ ആവശ്യമായി വരും. വലിയ കല്ലുകൾ ഉള്ളവർക്ക് ശസ്ത്രക്രിയ നടത്തേണ്ടതായി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...