കൊച്ചി: രാത്രിയിൽ നഗരത്തിൽ രാസമാലിന്യം പുറന്തള്ളുന്നതിനാൽ അന്തരീക്ഷത്തിൽ വലിയ തോതിൽ രാസമാലിന്യം കലരുന്നുവെന്ന് ഡോ. എ രാജഗോപാൽ കമ്മത്ത്. രാസമാലിന്യ സാന്നിധ്യത്തെക്കുറിച്ച് കഴിഞ്ഞ പതിനൊന്ന് മാസമായി നടത്തിയ നിരീക്ഷണങ്ങളിൽ വലിയ പ്രശ്നങ്ങളാണ് ശ്രദ്ധയിൽപ്പെട്ടതെന്നും രാജഗോപാൽ കമ്മത്ത് പറയുന്നു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ തീപിടിത്തം ഉണ്ടായതോടെ ആസിഡ് മഴയ്ക്കുള്ള സാധ്യത വർധിച്ചു. അത് നിരീക്ഷണങ്ങളിൽ തെളിയുകയും ചെയ്തു. തീരദേശമായത് കൊണ്ട് തുടർന്നും ആസിഡ് മഴയുണ്ടാകില്ല. എന്നാൽ, വേനൽ മഴയിലെ ഇടവിട്ടു പെയ്യുന്ന മഴകളിൽ ആസിഡ് സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ട്. വ്യവസായശാലകൾ പുറംതള്ളുന്ന രാസമാലിന്യമാണ് ഇതിനു കാരണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പലതവണ സന്ദേശങ്ങളയച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് രാജഗോപാൽ കമ്മത്ത് പറയുന്നു. നഗരത്തിൽ മലിനീകരണം കൂടുതലുണ്ടാകുന്നത് അർധരാത്രി സമയങ്ങളിലാണ്. ഈ സമയത്ത് വൈറ്റിലയിലെ എയർ ക്വാളിറ്റി മോണിറ്ററിൽ ബ്ലാങ്ക് കാണിക്കുന്നു. വായുവിന്റെ ഗുണനിലവാരം മോശമല്ലെന്ന് കാണിക്കാൻ മോണിറ്ററിൽ സ്ഥിരമായി തിരിമറി നടക്കുന്നുവെന്നാണ് സംശയിക്കുന്നത്.
കൊച്ചിയിൽ അമ്ലമഴ പെയ്തില്ല എന്നൊക്കെയുള്ള പ്രചാരണം കൊച്ചി സർവകലാശാലയുടെ അംഗീകാരമില്ലാതെ ചിലർ പ്രചരിപ്പിച്ചിരുന്നു. ആരെയൊക്കെയോ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമാണ് ഇത്തരം നീക്കങ്ങൾ. കുസാറ്റ് നടത്തി എന്ന് പറയപ്പെടുന്ന നിരീക്ഷണം തികച്ചും അശാസ്ത്രീയവും ആ സർവകലാശാലയുടെ പേരിന് കളങ്കം വരുത്തുന്നതുമാണ്. അവരുടെ സാബ്ലിങ് രീതി അവലംബിച്ച് കൊച്ചിയിൽ ആസിഡ് മഴ പെയ്തില്ല എന്ന് അനുമാനിക്കാൻ സാധിക്കില്ല.
ALSO READ: Kochi acid rain: പെയ്തത് ആസിഡ് മഴ? കൊച്ചിക്കാരിൽ ആശങ്ക: കുസാറ്റിലെ ഗവേഷണത്തിൽ കണ്ടെത്തിയത്..
സ്വതന്ത്ര നിരീക്ഷകനായ താൻ ശേഖരിച്ച ആദ്യ മൂന്നു മഴകളുടെ സാമ്പിൾ മാത്രമാണ് നിലവിലുള്ളതെന്ന് രാജഗോപാൽ കമ്മത്ത് പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് സാമ്പിൾ ശേഖരിച്ചില്ല. അതൊന്നും ചെയ്യാതെ തന്നെ കൊച്ചിയിൽ ആസിഡ് മഴ പെയ്തില്ല എന്ന പ്രഖ്യാപനം അവർ നടത്തുകയും ചെയ്തു. കൊച്ചിയിലെയും കേരളത്തിലെ മറ്റിടങ്ങളിലെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് പലരുമെന്ന് രാജഗോപാൽ കമ്മത്ത് ആരോപിക്കുന്നു.
കൊച്ചിയിലെ രാസമാലിന്യ പ്രശ്നം ഒരു വസ്തുതയാണ്. അത് ജനങ്ങളെയാകെ ബാധിക്കുന്നതാണ്. ബ്രഹ്മപുരം തീപിടിത്തത്തെത്തുടർന്ന് അനുവദനീമായ രാസമാലിന്യത്തിന്റെ ആയിരക്കണക്കിന് മടങ്ങ് കൊച്ചി നിവാസികളുടെ ശരീരത്തിലെത്തി. ബാക്കി വെള്ളം, ആഹാരം എന്നിവയിലൂടെ എത്തിച്ചേരും. കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും ബ്രഹ്മപുരത്തെ മാലിന്യത്തിന്റെ അംശം ശ്വസിച്ചു കഴിഞ്ഞുവെന്നും രാജഗോപാൽ കമ്മത്ത് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...