പന്തീരാങ്കാവ് യുഎപിഎ കേസ്: കൊച്ചി എന്‍ഐഎ അന്വേഷിക്കും

കേസില്‍ പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിന്‍റെയും താഹ ഫൈസലിന്‍റെയും മാവോയിസ്റ്റ് സംഘടനകളുമായുള്ള ബന്ധവും എന്‍ഐഎ നിരീക്ഷിക്കും.  

Last Updated : Dec 19, 2019, 09:37 AM IST
  • പന്തീരാങ്കാവ് യുഎപിഎ കേസ് ഇനി കൊച്ചി എന്‍ഐഎ അന്വേഷിക്കും
  • കേസില്‍ പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിന്‍റെയും താഹ ഫൈസലിന്‍റെയും മാവോയിസ്റ്റ് സംഘടനകളുമായുള്ള ബന്ധവും എന്‍ഐഎ നിരീക്ഷിക്കും.
പന്തീരാങ്കാവ് യുഎപിഎ കേസ്: കൊച്ചി എന്‍ഐഎ അന്വേഷിക്കും

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലന്‍റെയും താഹയുടെയും കേസ് ഇനി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും.

കൊച്ചിയിലെ എന്‍ഐഎ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിന്‍റെയും താഹ ഫൈസലിന്‍റെയും മാവോയിസ്റ്റ് സംഘടനകളുമായുള്ള ബന്ധവും എന്‍ഐഎ നിരീക്ഷിക്കും.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് നവംബര്‍ ഒന്നിന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കൂടാതെ ഇവര്‍ക്കെതിരേ UAPA കുറ്റവും പൊലീസ് ചുമത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്ഐ അംഗവും താഹ സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗവുമായിരുന്നു.

ഇപ്പോള്‍ അലനും താഹയും റിമാന്‍ഡിലാണ്. കേസില്‍ അറസ്റ്റിലായ ശേഷം ഇരുവരുടേയും വീട്ടില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലേഖകളും മറ്റും പൊലീസ് കണ്ടെത്തിയിരുന്നു. 

ഇവരുടെ ലാപ്ടോപ്പില്‍ നിന്നും പെന്‍ഡ്രൈവില്‍ നിന്നും മാവോയിസ്റ്റുകളെന്ന് ശരിവെയ്ക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

വയനാടിലെ അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത അലനും താഹയും അറസ്റ്റിലായത്.

ദേശവിരുദ്ധ സ്വഭാവമുള്ള ലേഖനങ്ങളും മാവോയിസ്റ്റിനെ പിന്തുണയ്ക്കുന്ന ലഘുലേഖകളും കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും കേസില്‍ നിന്നും പാര്‍ട്ടി തലയൂരുകയും ചെയ്തു. 

മാത്രമല്ല ആലനും താഹയും മാവോയിസ്റ്റുകളാണെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പൊലീസ് നടപടി ശരിയാണെന്നും അവര്‍ മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സിപിഐയും, സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും, എം.എ. ബേബിയും ചോദ്യം ചെയ്തിരുന്നു.മാത്രമല്ല ഇവര്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.  

പൊലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. 

അതില്‍ എന്തുകൊണ്ട് പ്രതികളുടെ മേല്‍ UAPA ചുമത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ തെളിവുകളടക്കം നിരത്തി പൊലീസ് കോടതിയെ അറിയിച്ചു. ഇതെല്ലം പരിശോധിച്ച ശേഷമാണ് പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ച് കോടതി ജാമ്യം നിഷേധിച്ചത്. 

Trending News