വിദേശ സഹായം സ്വീകരിക്കാനാവില്ലെങ്കില്‍ തുല്യമായ തുക കേന്ദ്രം തരട്ടെ: കോടിയേരി

ഇന്ത്യ വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്. 

Last Updated : Aug 23, 2018, 12:55 PM IST
വിദേശ സഹായം സ്വീകരിക്കാനാവില്ലെങ്കില്‍ തുല്യമായ തുക കേന്ദ്രം തരട്ടെ: കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ. വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വൈര്യനിര്യാതന നിലപാടിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന സംഘപരിവാറിന്റേയും സേവാ ഭാരതിയുടേയും ആഹ്വാനത്തിന്‍റെ ഭാഗമാണ് ബി.ജെ.പി. സര്‍ക്കാരിന്‍റെ ഈ നിലപാട്. ഐക്യരാഷ്ട്രസഭയും യു.എ.ഇ, ഖത്തര്‍ സർക്കാരുകൾ ഇപ്പോള്‍ തന്നെ സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. 

ഇതു സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് തുല്യമായ തുക അധികമായി കേരളത്തിനനുവദിക്കാന്‍ കേന്ദ്ര സർക്കാർ സന്നദ്ധമാകണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

ഇന്ത്യ വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്.  

ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളോ, കീഴ്വഴക്കങ്ങളോ എതിരാണെങ്കില്‍ അതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഇപ്പോള്‍ വാഗ്ദാനം ചെയിതിട്ടുള്ള സഹായങ്ങള്‍ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകള്‍ ഉണ്ടാകണം. കേരള നിയമസഭ ഇക്കാര്യം ഐക്യകണ്ഠേന ആവശ്യപ്പെടണമെന്നും കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നില്‍ ഒറ്റക്കെട്ടായി നിന്ന് കേന്ദ്രഗവണ്‍മെന്റിന്‍റെ നിലപാടു തിരുത്തിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Trending News