കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിലെ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് യുവതിയുടെ രേഖാചിത്രം തയാറാക്കിയത്.
അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ രേഖാ ചിത്രം തയാറാക്കും. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ലെന്നും പോലീസ് പറയുന്നു.
തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്നാണ് പോലീസിന്റെ നിഗമനം. മുൻപ് ചില കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ALSO READ: കേരളത്തിന്റെ 20 മണിക്കൂർ നീണ്ട ആശങ്കയ്ക്ക് ആശ്വാസം; അബിഗേലിനെ കണ്ടെത്തി
തുടർന്ന് അബിഗേൽ സാറ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിനായി കൊല്ലം ജില്ലയിലും പുറത്തും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ട്യൂഷന് പോകും വഴി സഹോദരനൊപ്പം ഉണ്ടായ അബിഗേൽ സാറ റെജിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ച് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. പിന്നീട് കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തി.
രാത്രിയിൽ ഉടനീളം പോലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ കിട്ടിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പോലീസിനെതിരെ വിമർശനം ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.