തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ പറ്റി തൻറെ അനുഭവം പങ്ക് വെച്ചിരിക്കുകയാണ്.കെഎസ്ആർടിസി എംടി ബിജു പ്രഭാകർ. ഓപ്പറേഷൻ അനന്ത എന്ന പദ്ധതിയിലൂടെ തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അദ്ദേഹം നൽകിയ പിന്തുണക്കും കാരുണ്യ ഫാർമസി എന്ന ഇന്ത്യയിലെ ഒരേ ഒരു ബ്രാൻഡഡ് ഡ്രഗ്സ് മെഡിക്കൽ സ്റ്റോർ ചെയിൻ തുടങ്ങാനും ,കരമന - കളിയിക്കാവിള ഉൾപ്പെടെ നിരവധി റോഡ് , പാലങ്ങൾ തുടങ്ങിയവയുടെ സ്ഥലം എടുക്കുന്നതിനുള്ള പിന്തുണ നൽകിയതിനും നന്ദി അറിയിക്കുന്നതായും ബിജു പ്രഭാകർ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു.
അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒരു ദിവസം മുഴുവനും ആഹാരം കഴിക്കാതെ ഒരു തവണ ഓട്സ് മാത്രം കഴിച്ചു അർധരാത്രിവരെ ജനങ്ങളുടെ പരാതി ഒരു മടുപ്പുമില്ലാതെ കേൾക്കുകയും അതിനു പരിഹാരം ഉണ്ടാക്കുകയും ചെയ്തത് ഞാൻ വിസ്മയത്തോടെ നോക്കി നിന്നുപോയി- ബിജു പ്രഭാകർ പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിൻറെ പൂർണ രൂപം
ഉമ്മൻ ചാണ്ടി സാർ പോകുമ്പോൾ പലതും ഓർമ്മയിൽ വരുന്നു. ഓപ്പറേഷൻ അനന്ത എന്ന പദ്ധതിയിലൂടെ തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അദ്ദേഹം നൽകിയ പിന്തുണക്കും കാരുണ്യ ഫാർമസി എന്ന ഇന്ത്യയിലെ ഒരേ ഒരു ബ്രാൻഡഡ് ഡ്രഗ്സ് മെഡിക്കൽ സ്റ്റോർ ചെയിൻ തുടങ്ങാനും അതോടൊപ്പം കരമന - കളിയിക്കാവിള ഉൾപ്പെടെ നിരവധി റോഡ് , പാലങ്ങൾ തുടങ്ങിയവയുടെ സ്ഥലം എടുക്കുന്നതിനുള്ള പിന്തുണ നൽകിയതിനും നന്ദി പറയട്ടെ. അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒരു ദിവസം മുഴുവനും ആഹാരം കഴിക്കാതെ ഒരു തവണ ഓട്സ് മാത്രം കഴിച്ചു.
അർധരാത്രിവരെ ജനങ്ങളുടെ പരാതി ഒരു മടുപ്പുമില്ലാതെ കേൾക്കുകയും അതിനു പരിഹാരം ഉണ്ടാക്കുകയും ചെയ്തത് ഞാൻ വിസ്മയത്തോടെ നോക്കി നിന്നുപോയി. കളക്ടർക്ക് പരിഹരിക്കാൻ പറ്റാത്ത ഒട്ടനവധി പരാതികൾ പ്രധാനമായും സാമ്പത്തിക സഹായം നൽകുന്നത് ആ ജനസമ്പർക്കത്തിലൂടെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹരിക്കാനും സാധിച്ചു. ആ രാത്രിയിലെ അവസാനത്തെ പരാതി RCC യിലെ ഒരു രോഗിക്ക് ശസ്ത്രക്രിയക്ക് 6 ലക്ഷം രൂപ ധനസഹായമായിരുന്നു.
ഒപ്പിട്ട ശേഷം അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു, ഇനി ഈ ജില്ലയിൽ പരാതിക്കാർ ആരും കാണില്ല അല്ലെ? അദ്ദേഹം എന്ത് പറഞ്ഞാലും ചെയ്യാൻ ശ്രമിക്കുമായിരുന്നു. പക്ഷെ സാറേ ഇത് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാൽ അത് അതുപോലെ സമ്മതിച്ചു തരുമായിരുന്നു. അദ്ദേഹം ഒരിക്കലും നിർബന്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഓരോരുത്തരെയും എനിക്ക് വ്യക്തിപരമായി എന്റെ ചെറുപ്പം മുതൽ അറിയാം. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർവ്വേശ്വരനോട് ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...