തിരുവനന്തപുരം: ആരാധനാലയങ്ങളിലും സ്‌കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം സാംസ്‌കാരിക അപചയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
സാംസ്‌കാരിക ജീര്‍ണ്ണതയുടെ ലക്ഷണമാണ് ഇത് തെളിയിക്കുന്നത്. സര്‍ക്കാരിന്‍റെ നിഗമനത്തില്‍ ഇവിടെ പ്രാധാന്യം മദ്യശാലകള്‍ക്കാണ്. മദ്യശാലകള്‍ വരുമാനം ഉണ്ടാക്കുന്നു. എങ്ങിനെയും, ഏതു വിധത്തിലും പണമുണ്ടാക്കണം, നാട്ടിലെ ക്രമസമാധാനം, ജനങ്ങളുടെ ആരോഗ്യം ഒന്നും സര്‍ക്കാരിന് ബാധകമല്ല എന്നുള്ള ഒരു നിലപാടാണ് സര്‍ക്കാരിന്‍റെ ഈ തീരുമാനത്തിലൂടെ വ്യക്തമാവുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബാറുകളുടെ ദൂരപരിധി കുറച്ചതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും മദ്യ രാജാക്കന്മാരുടെ സ്വാധീനത്തിന് വഴങ്ങിയുള്ള സര്‍ക്കാരിന്‍റെ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സര്‍ക്കാര്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.
2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്. ചൊവ്വാഴ്ചയാണ് പുതിയ ഉത്തരവിറങ്ങിയത്. ചട്ടം ഭേദഗതിക്കു ശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.