ശബരിമലയുടെ നഷ്ടം തീര്‍ക്കാന്‍ കുമ്മനം;തീർത്ഥപാദ മണ്ഡപ വിഷയത്തില്‍ വന്‍ പ്രക്ഷോഭത്തിന് ബിജെപി!

സർക്കാൻ ഏറ്റെടുത്ത കിഴക്കേക്കോട്ട തീർത്ഥപാദ മണ്ഡപവും ചട്ടമ്പി സ്വാമി സ്മാരക ക്ഷേത്രവും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സന്ദർശിക്കുകയും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Last Updated : Mar 2, 2020, 07:09 PM IST
ശബരിമലയുടെ നഷ്ടം തീര്‍ക്കാന്‍ കുമ്മനം;തീർത്ഥപാദ മണ്ഡപ വിഷയത്തില്‍ വന്‍ പ്രക്ഷോഭത്തിന് ബിജെപി!

തിരുവനന്തപുരം: സർക്കാൻ ഏറ്റെടുത്ത കിഴക്കേക്കോട്ട തീർത്ഥപാദ മണ്ഡപവും ചട്ടമ്പി സ്വാമി സ്മാരക ക്ഷേത്രവും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സന്ദർശിക്കുകയും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

അർദ്ധരാത്രിയുടെ മറവിൽ നടത്തിയ ഏറ്റെടുക്കൽ നടപടി മത സ്വാത്രന്ത്ര്യത്തോടും ആരാധനാസ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്. കയ്യൂക്കിന്റെ ബലത്തില്‍ ഒരു തീര്‍ത്ഥാടന കേന്ദ്രം പിടിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് മതസ്വാതന്ത്ര്യത്തോടുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ നടപടി ഉണ്ടാവുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

ക്ഷേത്രം പൂട്ടിയവരെക്കൊണ്ട് തന്നെ തുറപ്പിക്കും. ചട്ടമ്പിസ്വാമികളുടെ സ്മാരകം ഉയരേണ്ട ഇടമാണിത്. ചട്ടമ്പിസ്വാമിയുടെ ഈ ക്ഷേത്രത്തില്‍ ആരാധന നടത്തുക  എന്നത് ജന്മാവകാശമാണ്.  ഏറെക്കാലമായി അത് നിര്‍വഹിച്ചു വരികയാണ്. രണ്ട് പട്ടിക കഷണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അത് അടച്ചു പുട്ടുന്നത് ശരിയല്ല. എന്തെങ്കിലും നിയംപ്രസന്മം ഉണ്ടായിരുന്നെങ്കില്‍ അത് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമായിരുന്നു.

ഇന്നലെ ശിവഗിരി മഠം, ഇന്ന് തീര്‍ത്ഥപാദ മണ്ഡപം, നാളെ പദ്മനാഭസ്വാമി ക്ഷേത്രം എന്ന നിലക്കാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ട്. പദ്മനാഭസ്വാമി ക്ഷേത്രം പിടിച്ചെടുക്കുന്നതിനുള്ള ആദ്യപടിയായിട്ട് വേണം ഇതിനെ കാണാനെന്നും കുമ്മനം ആരോപിച്ചു. സി.എച്ച് മുഹമ്മദ് കോയയ്ക്കും കെ.എം മാണിക്കുമൊക്കെ സ്മാരകങ്ങൾ പണിയാൻ സ്ഥലവും പണവും നൽകുന്ന സർക്കാർ കേരളത്തിന്റെ ആ‍ധ്യാത്മിക രംഗത്തെ ഉന്നത വ്യക്തിയായിരുന്ന ചട്ടമ്പി സ്വാമിയുടെ സ്മാരകത്തോട് കാണിച്ചത് നീതീകരിക്കാനാവാത്ത തെറ്റാണ് കുമ്മനം പറഞ്ഞു.

അര നൂറ്റാണ്ടോളം ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് അടച്ചു പൂട്ടിയിരിക്കുന്നത്. ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രി ഇതിന് മറുപടി പറയണം. സ്ഥലത്ത് നിർമ്മിക്കുന്ന ചട്ടമ്പി സ്മാരകത്തിന് ശിലാസ്ഥാപനം നടത്താൻ മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. അതിനിടയിൽ ഇത്തരമൊരു കയ്യേറ്റം നടത്തിയത് സിപി‌ഐ-സിപി‌എം പോരിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടെന്ന് സർക്കാർ സമ്മതിക്കുന്നു. പാത്രക്കുളം നികത്തിയതിൽ തെറ്റില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. പതിച്ചു നൽകിയ സ്ഥലത്തിന് മുഴുവൻ പണവും നൽകാത്തതാണ് ഏറ്റെടുക്കാൻ കാരണമായി പറയുന്നത്. മുഴുവൻ പണവും നൽകിയെന്നാണ് വിദ്യധിരാജ ട്രസ്റ്റിന്റെ നിലപാട്. ഇതു സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ പണം ഈടാക്കാൻ നിയമപരമായ നിരവധി മാർഗങ്ങളുണ്ട്. വസ്തുവും സ്ഥലവും ഏറ്റെടുക്കലല്ല. ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. അത് പുറത്തു വരണം - കുമ്മനം കൂട്ടിചേര്‍ത്തു.

ഈ വിഷയത്തില്‍ ശബരിമല മോഡല്‍ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.ശബരിമല പ്രക്ഷോഭ സമയത്ത് കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ ആയിരുന്നു.അതുകൊണ്ട് തന്നെ സമരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായ കുമ്മനം തീർത്ഥപാദ മണ്ഡപ പ്രക്ഷോഭരംഗത്ത് സജീവമായി തന്നെയുണ്ടാകുമെന്ന് ഉറപ്പാണ്.

 
വിദ്യാധിരാജ സഭ ട്രസ്റ്റിന്റെ കൈവശമുണ്ടായിരുന്ന 65 സെന്റ് സ്ഥലമാണ്റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടര്‍ന്ന് ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കുന്നതിനായി പൂട്ട് പൊളിച്ചാണ് പോലീസ് മണ്ഡപത്തിന് അകത്ത് കയറിയത്. 1976-ല്‍ സര്‍ക്കാരില്‍ നിന്ന് ഭൂമി പാട്ടത്തിന് എടുത്ത സംഘടനയല്ല ഇപ്പോള്‍ ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരിക്കുന്നത്.
സ്ഥലം തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മന്ത്രി സഭ കഴിഞ്ഞ വര്‍ഷത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ട്രസ്റ്റിന്റെ വാദം കൂടി കേട്ടശേഷം നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ട്രസ്റ്റ് ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ബോധിപ്പിച്ചെങ്കിലും ഇതൊന്നും നിലനില്‍ക്കുന്നവയല്ലെന്ന് അറിയിച്ച് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

Trending News