ആറു വര്‍ഷത്തിനു ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം

ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.   

Last Updated : Jan 15, 2020, 08:26 AM IST
  • പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപ സമര്‍പ്പണം.
  • ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
  • ആറുവര്‍ഷത്തിലൊരിക്കല്‍ മകരസംക്രമ ദിനത്തില്‍ ക്ഷേത്രത്തില്‍ ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്ന ആചാരം 1744 ലാണ് തുടങ്ങിയത്.
ആറു വര്‍ഷത്തിനു ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപ സമര്‍പ്പണം.

ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ലക്ഷദീപത്തിനായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആറുവര്‍ഷത്തിലൊരിക്കല്‍ മകരസംക്രമ ദിനത്തില്‍ ക്ഷേത്രത്തില്‍ ലക്ഷം ദീപങ്ങള്‍ തെളിയിക്കുന്ന ആചാരം 1744 ലാണ് തുടങ്ങിയത്.

45 മത്തെ ലക്ഷദീപമാണ് ഈ വര്‍ഷം നടക്കുന്നത്. ഇതോടെ 56 ദിവസം നീണ്ടു നിന്ന മുറജപത്തിന് സമാപ്തി കുറിക്കും. പത്മനാഭസ്വാമി ക്ഷേത്രം ദീപ പ്രഭയില്‍ അലിയുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ഭക്തജനങ്ങളാണ് ഇതിനോടകം അനന്തപുരിയില്‍ എത്തിയത്. 

ശീവേലിപ്പുരയിലെ സാലഭഞ്ജികകള്‍, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങള്‍, തൂണുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലാണ് ദീപങ്ങള്‍ തെളിയിക്കുന്നത്.

മണ്‍ചിരാതുകള്‍ക്കു പുറമേ വൈദ്യുത ദീപങ്ങള്‍ കൊണ്ടും അലങ്കരിക്കും. ലക്ഷദീപത്തിന് മുന്നോടിയായി പരീക്ഷണാര്‍ത്ഥം ക്ഷേത്രത്തില്‍ ദീപങ്ങള്‍ തെളിയിച്ചിരുന്നു. 

ലക്ഷദീപം കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത് ദര്‍ശനത്തിനായി വൈകീട്ട് ഏഴ് മുതല്‍ ഭക്തരെ കടത്തിവിടും. 

25,000 മണ്‍ചെരാതുകള്‍ ക്ഷേത്രത്തിനുള്ളില്‍ തെളിയിക്കും. ബാക്കി വിവിധ തരത്തിലുള്ള ആകര്‍ഷകമായ വൈദ്യുതി വിളക്കുകളാണ്. ബംഗളൂരുവില്‍ നിന്ന് കൊണ്ടു വന്ന പല ദിശകളില്‍ കറങ്ങുന്ന വിളക്കു ഗോപുരമാണ് ഇത്തവണത്തെ പ്രത്യേകത. എണ്ണയില്‍ എരിയുന്ന തിരികളാണ് ഇതില്‍ കത്തിക്കുന്നത്.

21000 പേര്‍ക്കാണ് ഇന്ന് ക്ഷേത്രദര്‍ശനം അനുവദിക്കുന്നത്. ഇതിനായി പ്രത്യേക പാസുകളും വിതരണം ചെയ്യുന്നുണ്ട്. 

സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം ബാര്‍ കോഡ് ഉള്‍പ്പെടെയുള്ള പാസുകളാണ് വിതരണം ചെയ്യുന്നത്. നാല് നടയിലൂടെയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം. വടക്കെ നടയിലുള്ള തിരുവമ്പാടി നടയിലൂടെയാണ് വിഐപി പാസുള്ളവര്‍ കയറേണ്ടത്.

രാജകുടുംബാംഗങ്ങള്‍ തെക്കെ നടയിലുള്ള ചെമ്പകത്ത് മുട്ട് നടവഴിയും പ്രവേശിക്കണം. പാസ് ഇല്ലാത്തവര്‍ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ ലക്ഷദീപം തത്സമയം കാണാന്‍ വലിയ സ്‌ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ലക്ഷദീപത്തോട് അനുവദിച്ച് ക്ഷേത്രത്തിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്. 

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് നിയന്ത്രണം.

കിഴക്കേ കോട്ടയിലും പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലുമാണ് പ്രധാനമായും നിയന്ത്രണങ്ങളുള്ളത്. കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ നോവല്‍റ്റി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഒരു വാഹനവും കടത്തിവിടുന്നതല്ല. 

വെട്ടിമുറിച്ച കോട്ട മുതല്‍ വാഴപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡുകള്‍, വാഴപ്പള്ളി ജംഗ്ഷന്‍ മുതല്‍ ഫോര്‍ട്ട് ഹൈസ്കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡുകള്‍ എന്നിവ വണ്‍വേ മാത്രമായിരിക്കും.

വെട്ടിമുറിച്ച കോട്ട മുതല്‍ വാഴപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡുകള്‍ക്ക് ഇരുവശവും, തെക്കേ നട, വടക്കേ നട, പടിഞ്ഞാറേ നട, കിഴക്കേ നട, വാഴപ്പള്ളി ജംഗ്ഷന്‍ മുതല്‍ ഫോര്‍ട്ട് ഹൈസ്കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡുകള്‍ക്ക് ഇരുവശവും, വെട്ടിമുറിച്ച കോട്ട മുതല്‍ മിത്രാനന്തപുരം വരെയുള്ള റോഡിന് ഇരുവശവും, ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകള്‍, ഈഞ്ചയ്ക്കല്‍ മുതല്‍ പടിഞ്ഞാറെ കോട്ട-മിത്രാനന്തപുരം വരെയുള്ള റോഡിന് ഇരുവശവും പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്.

56 ദിനം നീണ്ട മുറജപത്തിന് പര്യവസാനമായി പത്മനാഭ സ്വാമി ക്ഷേത്രത്തിനകവും പരിസരവും ദീപപ്രഭയില്‍ അലിയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് നാടും നഗരവും.

Trending News