വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ നിലനില്‍ക്കുന്ന ദുരൂഹതകളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും പ്രതികരിച്ച് ഭാര്യ ലക്ഷ്മി.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ലക്ഷ്മി പ്രതികരിച്ചിരിക്കുന്നത്. ബാലുവിന് പകര൦ താനായിരുന്നു അന്ന് മരിക്കേണ്ടിയിരുന്നതെന്നും ആരോപണങ്ങള്‍ വല്ലാതെ തളര്‍ത്തുന്നുവെന്നും ലക്ഷ്മി പറയുന്നു.
സ്വത്ത് തട്ടിയെടുക്കാനായി ആസൂത്രിതമായി നടത്തിയ അപകടമായിരുന്നു അതെന്നാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍, ബാലുവും മോളുമില്ലാതെ തനിക്കെന്തിനാണ് സ്വര്‍ണവും പണവുമെന്നാണ് ലക്ഷ്മി ചോദിക്കുന്നത്.
ബാലു വാങ്ങി തന്നിട്ടുള്ള ചെറിയ കമ്മലുകളും താലി മാലയും മാത്രമാണ് താന്‍ ഉപയോഗിക്കാറുള്ളതെന്നും ലക്ഷ്മി പറയുന്നു. അപകടം നടന്ന ദിവസം ബാലു കാര്‍ ഓടിച്ചിരുന്നെങ്കില്‍ പരിക്കുകളോടെ അദ്ദേഹം ഇപ്പോഴുമുണ്ടാകുമായിരുന്നു എന്നും ലക്ഷ്മി പറയുന്നു.
ആളുകളെ കണ്ണടച്ച് വിശ്വസിക്കും എന്നതൊഴിച്ചാല്‍ ബാലുവില്‍ യാതൊരു നെഗറ്റീവും കണ്ടെത്താനാകില്ല. അദ്ദേഹം ഒരിക്കലും ജീവിതത്തിൽ സ്വാർഥത കാണിച്ചിട്ടില്ല.
അങ്ങനെയൊരാള്‍ക്ക് എങ്ങനെ ക്രിമിനലുകളുമായി ബന്ധം പുലര്‍ത്താനാകുമെന്നാണ് ലക്ഷ്മി ചോദിക്കുന്നത്. പ്രകാശ്തമ്പി ബാലുവിന്‍റെ മാനേജരായിരുന്നില്ല. പ്രോഗ്രാം കോർഡിനേറ്റർമാരിൽ ഒരാൾ മാത്രമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.
ബാലു പാതിവഴിയിൽ ഇട്ടുപോയ ആൽബമൊക്കെ താൻ പൂർത്തായാക്കുമെന്ന വാർത്തയും ലക്ഷ്മി നിഷേധിച്ചു. കൈകള്‍ പോലും പരസഹായമില്ലാതെ അനക്കാൻ കഴിയാത്ത താനെങ്ങനെ ആല്‍ബം പൂര്‍ത്തിയാക്കുമെന്നും ലക്ഷ്മി ചോദിക്കുന്നു.
അപകടത്തിന്‍റെ ആഘാതത്തിൽ നിന്ന് കരകയറി വരുന്ന തനിക്ക് ആരോപണങ്ങളും വിവാദങ്ങളും ഏറെ മനോവിഷമമുണ്ടാക്കുന്നുവെന്നും ലക്ഷ്മി വ്യക്തമാക്കി.
സമ്മർദ്ദം കൂടാതെ നോക്കണമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. പക്ഷെ വളരെ വേദനപ്പിക്കുന്ന ആരോപണങ്ങൾക്കിടയിൽ സമ്മർദമുണ്ടാകാതെ എങ്ങനെ കഴിയും, ലക്ഷ്മി ചോദിക്കുന്നു.