ഇടുക്കി : ശാന്തൻപാറയിൽ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ശാന്തൻപാറ ചേരിയാർ തങ്കപ്പാൻപാറ സ്വദേശി ശ്യാഹോംപ്ലാക്കൽ റോയിയാണ് മരിച്ചത്. ഇന്നലെ നവംബർ അഞ്ചിന് രാത്രിയിലാണ് അപകടം സംഭവിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് റോയിയുടെ വീടിന്റെ ഭിത്തി തകർന്നു. ഈ സമയം റോയി വീടിന്റെ അകത്ത് കിടന്നുറങ്ങുകയായിരുന്നു.
വീട്ടിൽ റോയി മാത്രമായിരുന്നു തമാസിച്ചിരുന്നത്. ഇന്ന് നവംബർ ആറിനാണ് നാട്ടുകാർ വിവരം അറിയുന്നത്. ഇന്നലെ രാത്രിയിൽ ശാന്തൻപാറയിലെ പെത്തൊട്ടി ദളം ഭാഗത്ത് ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ നിന്നും നാല് കിലോമീറ്ററോളം ദൂരമുണ്ട് റോയിയുടെ വീടിന്.
കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെയാണ് പെത്തൊട്ടിയിൽ ഉരുൾ പൊട്ടിയത്. വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയതിന് പിന്നാലെ രണ്ട് ഉരുൾപൊട്ടലുകൾ കൂടി ഉണ്ടായി. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. പെത്തൊട്ടി ദളം മേഖല പൂർണ്ണമായും ഒറ്റപെട്ട അവസ്ഥയിലാണ്. വലിയ കല്ലുകളും മണ്ണും വീണ് റോഡ് തകർന്നു. വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനായിട്ടില്ല. തോട്ടം തൊഴിലാളി കുടുംബങ്ങളും അന്യസംസ്ഥാന തൊഴിലാളികളും അടക്കം നിരവധി ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
കഴിഞ്ഞ രാത്രിയിൽ ശാന്തൻപാറ കള്ളിപറയിലും ഉരുൾപൊട്ടി. മണിക്കൂറുകളോളം സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ചതുരംഗപാറയിൽ ഓടികൊണ്ടിരുന്നു കാറിന് മുകളിലേയ്ക് മരവും മണ്ണും വീണു. വാഹനത്തിൽ കുടുങ്ങി കിടന്നിരുന്ന യാത്രക്കാരെ ഉടൻ തന്നെ പോലിസ് രക്ഷപ്പെടുത്തി. മരം ഒടിഞ്ഞു വീണ് ബോഡിമേട്ട് അന്തർ സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വിവിധ മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് ഇടുക്കി ജില്ലാ ഭരണകൂടം. അപകട സാധ്യത മേഖലകളിൽ നിന്നും ആളുകളോട് മാറി താമസിക്കാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...