കോഴിക്കോട്: സംസ്ഥാന ഖജനാവിലേക്ക് കോടികള്‍ വരുമാനം എത്തുന്നത് മദ്യപാനികളെ പിഴിഞ്ഞിട്ടെന്ന് വിവരാവകാശരേഖ.
കേരള സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് നല്കിയ വിവരാവകാശരേഖയിലാണ് കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്പനികളില്‍ നിന്ന് വാങ്ങുന്ന വിലയേക്കാള്‍ എട്ടും പത്തും ഇരട്ടി വില ഈടാക്കിയാണ് വില്‍ക്കുന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റിയനാണ് വിവിധ മദ്യങ്ങള്‍ സര്‍ക്കാര്‍ എന്തുവില കൊടുത്താണ് വാങ്ങുന്നതെന്നും ബീവറേജ് ഔട്ട്ലറ്റുകളില് എന്തുവിലയ്ക്കാണ് വില്‍ക്കുന്നതെന്നും ചോദിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
ഇതിന് നല്കിയ മറുപടിയിലാണ് കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ എട്ടും പത്തും ഇരട്ടി വില ഈടാക്കിയാണ് ബീവറേജ് കോര്പ്പറേഷന് വില്‍ക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നത്. ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഒരു ഫുള്‍ എം.എച്ച് 77.36 രൂപയ്ക്കാണ് സര്‍ക്കാര്‍ മദ്യക്കമ്പനികളില്‍ നിന്ന് വാങ്ങുന്നത്. ഇത് ബീവറേജ് ഔട്ട്ലെറ്റിലെത്തുമ്പോള് വില 820 രൂപയും. പ്രമുഖ ബ്രാന്‍ഡുകളായ മദ്യങ്ങളും ഇത്തരത്തില്‍ കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ 10 ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്.
ഇതിനൊക്കെ കാരണം സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന് ഈടാക്കുന്ന ഉയര്‍ന്നനികുതിയാണ്. എന്തായാലും മദ്യ വില്പന മുടങ്ങാത്ത കാലത്തോളം ഖജനാവ് കാലിയാകില്ലെന്ന കാര്യത്തില്‍ സംശയമില്ല.