Lok Sabha Election 2024: പെരുമാറ്റചട്ടം കർശനമായി നടപ്പാക്കും; വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Chief Electoral Officer: സുരക്ഷിതമായും സുതാര്യമായും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 05:32 PM IST
  • മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്
  • ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു
  • 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 വോട്ടർമാരും ഉണ്ട്
  • 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരുമാണുള്ളത്
Lok Sabha Election 2024: പെരുമാറ്റചട്ടം കർശനമായി നടപ്പാക്കും; വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം  പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുരക്ഷിതമായും സുതാര്യമായും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 വോട്ടർമാരും ഉണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരുമാണുള്ളത്.

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക്  ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ട് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഉണ്ടാകും.

വോട്ടെടുപ്പിനായി 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകൾ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടാകും. സ്ത്രീ, ഭിന്നശേഷി,  യുവ,സൗഹൃദ ബൂത്തുകളും  മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും.

സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകൾ, യുവാക്കൾ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകൾ, ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകൾ, 2,776 മാതൃക ബൂത്തുകൾ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ കഴിയും. 

പൊതുജനങ്ങൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന്  കോൾ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലകളിൽ 1950 എന്ന നമ്പരിലും  ചീഫ് ഇലക്ടറൽ ഓഫീസിൽ 18004251965 എന്ന നമ്പറിലും തെരഞ്ഞെടുപ്പ് വിവരങ്ങൾ അറിയാൻ സാധിക്കും. പൊതുജനങ്ങൾക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ സിവിജിൽ എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളിൽ ഇതിൽ നടപടിയുണ്ടാകും.

സുവിധ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, സക്ഷം, നോ യുവർ കാൻഡിഡേറ്റ് മൊബൈൽ ആപ്പ് എന്നിവയും കുറ്റമറ്റ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് വിവിധ ഘട്ടങ്ങളായി പരിശീലനം നൽകി. സാമൂഹ്യ മാധ്യമങ്ങളിലടക്കം പെരുമാറ്റ ചട്ടത്തിന്  വിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങൾ നിർമിച്ച് ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും  നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പ്രശ്ന സാധ്യത ബൂത്തുകൾ കണ്ടെത്തി  ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പക്ഷപാതരഹിതമായും സുതാര്യമായും നിയമിക്കുന്നതിന് ഓർഡർ എന്ന പേരിൽ സോഫ്റ്റ്‌വെയർ സജ്ജമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗസ്ഥ നിയമനം നടത്തുക. വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ വെബ്  കാസ്റ്റ് സംവിധാനം  ഒരുക്കും.

സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളും  സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാർഡുകൾ പ്രിന്റിങ്ങിന് അയച്ചിട്ടുണ്ട്. ഇതിൽ 17,25,176 കാർഡുകൾ പ്രിന്റിംഗ് പൂർത്തിയാക്കി തിരികെ ലഭിച്ചു, ഇവ വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ഈ മാസം അവസാനത്തോടുകൂടി വിതരണം പൂർത്തിയാകും.

തിരഞ്ഞെടുപ്പ് ഐഡി കാർഡിന് പുറമേ  തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും  വോട്ട് ചെയ്യാനാകും. വോട്ടർപട്ടികയിൽ പേര്  ചേർത്തിട്ടില്ലാത്തവർ പട്ടികയിൽ ചേരുകയും വോട്ടവകാശം വിനിയോഗിക്കുകയും ചെയ്യണമെന്ന്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News