Loksabha Election 2024; ലോക്‌സഭ തിരഞ്ഞെടുപ്പ്; മലയാളി മനസ് എങ്ങോട്ട്? തുടര്‍ ചലനങ്ങള്‍ ഇങ്ങനെയാകാം

Kerala Lok Sabha Election Result: കേരളത്തില്‍ തുടര്‍ ഭരണത്തിലിരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനും അക്കൗണ്ട് തുറക്കാൻ കാത്തിരിക്കുന്ന എൻഡിഎ സഖ്യത്തിനും ജനവിധി നിർണായകമാകും. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 08:35 AM IST
  • ജനവിധിയിലാണ് എല്ലാ മുന്നണികളും വിശ്വാസം അര്‍പ്പിക്കുന്നത്.
  • തിരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായാകും വ്യാഖ്യാനിക്കപ്പെടുക.
  • ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനമാണ് നിര്‍ണായകമാകുക.
Loksabha Election 2024; ലോക്‌സഭ തിരഞ്ഞെടുപ്പ്; മലയാളി മനസ് എങ്ങോട്ട്? തുടര്‍ ചലനങ്ങള്‍ ഇങ്ങനെയാകാം

തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്ത് തന്നെയായാലും ജനവിധിയിലാണ് എല്ലാ മുന്നണികളും വിശ്വാസം അര്‍പ്പിക്കുന്നത്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിന്റെ കൂടി ഭാവിയിലേയ്ക്കുള്ള ചൂണ്ടുപലകയാകുമെന്ന കാര്യത്തില്‍ സംശയമില്ല. യുഡിഎഫിനും എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനമാകുക ഇന്ന് പുറത്തുവരുന്ന ജനവിധി തന്നെയാകും. 

കേരളത്തില്‍ തുടര്‍ ഭരണത്തിലിരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനാകും ഇന്നത്തെ ഫലം ഏറെ നിര്‍ണായകമാകുക. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായാകും വ്യാഖ്യാനിക്കപ്പെടുക. അതിനാല്‍ തന്നെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ച ഒരു സീറ്റ് ഇത്തവണ വര്‍ധിപ്പിക്കാനായാല്‍ അത് ഇടത് മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇതുവഴി സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ആരോപണങ്ങളും ജനം നിരാകരിച്ചെന്ന് ഇടത് മുന്നണിയ്ക്ക് ഉറക്കെപ്പറയാം. 

ALSO READ: കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങൾ ഇവയാണ്

അതേസമയം, ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് ഇത് ജീവന്‍ മരണ പോരാട്ടമാണ്. മോദി ഭരണം അവസാനിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനമാണ് നിര്‍ണായകമാകുക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 19 സീറ്റുകള്‍ സ്വന്തമാക്കിയ യുഡിഎഫിന് ഇത്തവണ അതില്‍ കുറവുണ്ടാകുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. ഇടതും എന്‍ഡിഎയും കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിന് തലവേദന വര്‍ധിക്കും. മാത്രമല്ല, കേരളത്തില്‍ യുഡിഎഫിന്റെ സീറ്റുകളില്‍ കുറവുണ്ടായാല്‍ മുസ്ലീം ലീഗിനെ ഇടത് മുന്നണി സ്വാധീനിക്കാനും സാധ്യതയുണ്ട്. സീറ്റുകളില്‍ കാര്യമായ കുറവുണ്ടായില്ലെങ്കില്‍ കേരള കോണ്‍ഗ്രസിനെ (എം) തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കാനും സാധിക്കും. 

കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ബിജെപിയും എന്‍ഡിഎ മുന്നണിയുമാകും. കാരണം, കേരളത്തില്‍ മൂന്ന് സീറ്റുകളില്‍ വരെ എന്‍ഡിഎയ്ക്ക് വിജയ സാധ്യത പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. ചരിത്രത്തിലാദ്യമായി കേരളത്തില്‍ എന്‍ഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായാല്‍ അത് മോദി തരംഗവും കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടവുമായി സമര്‍ഥിക്കാനാകും. ഇത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേയ്ക്ക് ഊര്‍ജവും പകരും. ഫലം പ്രതികൂലമായാല്‍ അത് കേരള നേതൃത്തില്‍ വന്‍ അഴിച്ചുപണിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുകയും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ എന്‍ഡിഎയിലേയ്ക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുകയും ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News