തിരുവനന്തപുരം: എം.കെ മുനീർ എംഎൽഎ കുഴഞ്ഞുവീണു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനെതിരെ പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേയാണ് എം.കെ മുനീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ മൈക്കിന് മുന്നിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
സി.പി ജോൺ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയാണ് എം.കെ മുനീർ പ്രസംഗിക്കാനായി എഴുന്നേറ്റത്. പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മുനീറിനൊപ്പം ഉണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ കസേരയിൽ ഇരുത്തി. ആശുപത്രിയിൽ പോകേണ്ട കാര്യമില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞതോടെയാണ് അദ്ദേഹത്തെ കസേരയിൽ ഇരുത്തിയത്. തുടർന്ന് മുനീർ വേദി വിട്ടു.
ഏറെ വിവാദങ്ങൾ പുകയുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്. സെക്രട്ടറിയേറ്റ് വളഞ്ഞുള്ള പ്രതിഷേധമാണ് യുഡിഎഫ് സംഘടിപ്പിക്കുന്നതെങ്കിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിൽ ബിജെപി രാപ്പകൽ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതി കൊള്ളയ്ക്കുമെതിരെയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. നികുതി വർധനവ്, എഐ ക്യാമറ വിവാദം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്.
രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വിപുലമായ ആഘോഷ പരിപാടികളാണ് സർക്കാർ ഒരുക്കുന്നത്. വാർഷികാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. രണ്ടാം വാർഷികത്തിന്റെ ഭാഗമായി സർക്കാർ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കും. സർക്കാരിന്റെ വികസന നേട്ടങ്ങളാകും പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഉണ്ടാകുക.
സർക്കാരിൻ്റെ ആഘോഷ പരിപാടി കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എംജി റോഡിൽ രാവിലെ മുതൽ വൈകിട്ട് വരെയാണ് നിയന്ത്രണം ഉണ്ടാകുക. പാളയത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്ക് ബേക്കറി ഫ്ലൈ ഓവർ വഴിയും ചാക്കയിൽ നിന്ന് കിഴക്കേകോട്ടയിലേയ്ക്ക് പാറ്റൂർ വഞ്ചിയൂർ വഴിയും പോകണം. വെള്ളയമ്പലത്ത് നിന്ന് കിഴക്കേകോട്ടയ്ക്ക് വഴുതക്കാട്, തൈക്കാട് വഴിയാണ് പോകേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...