മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് ലയനം: മന്ത്രാലയതീരുമാനം അസാധുവാക്കി കോടതി

മലപ്പുറം മേഖലാ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസിൽ ലയിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നൽകിയ പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി. 

Last Updated : Dec 12, 2017, 11:24 AM IST
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് ലയനം: മന്ത്രാലയതീരുമാനം അസാധുവാക്കി കോടതി

കൊച്ചി: മലപ്പുറം മേഖലാ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസിൽ ലയിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നൽകിയ പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി. 

പാസ്​പോർട്ട്​ ഓഫീസ്​ പ്രവർത്തനം മലപ്പുറത്ത്​ തുടരാനുള്ള കേന്ദ്രസർക്കാർ ഉത്തരവ്​ രേഖപ്പെടുത്തിയാണ്​ കോടതി നടപടി. 2006ൽ മലപ്പുറത്ത്‌ ആരംഭിച്ച പാസ്പോർട്ട്‌ ഓഫീസ്‌ നിർത്തി പ്രവർത്തനങ്ങൾ കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തി​ന്‍റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി ഹര്‍ജി നൽകിയത്‌.

11 വർഷത്തിനുള്ളിൽ 20 ലക്ഷത്തോളം പാസ്പോർട്ട്​ ഈ ഓഫീസിൽ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചിട്ടുള്ളതായും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മലപ്പുറത്തെ പാസ്​പോർട്ട്​ ഓഫീസ്​ ഇനിയൊരു ഉത്തരവുവരെ തുടരാൻ മന്ത്രാലയത്തി​ന്‍റെ ഉത്തരവിറങ്ങി. ഡിസംബർ 31വരെ വാടകകെട്ടിടം തുടരണമെന്ന ഉത്തരവും പിന്നാലെ ഇറങ്ങി. ഈ രണ്ട്​ ഉത്തരവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേത്തുടർന്നാണ്​ ഹര്‍ജി തീർപ്പാക്കിയത്​. മറിച്ച്​ തീരുമാനമുണ്ടാവുകയാണെങ്കിൽ അപ്പോൾ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്​.

നിലവിൽ മേഖലാ പാസ്പോർട്ട് ഓഫീസും ഒരു പാസ്പോർട്ട് സേവാ കേന്ദ്രവുമാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്. പാസ്പോര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നത് സേവാ കേന്ദ്രമാണ്. പാസ്പോര്‍ട്ടിന്‍റെ അച്ചടി, വിതരണം, അടിയന്തര പാസ്പോര്‍ട്ട് അപേക്ഷകള്‍ തുടങ്ങിയവ മേഖലാ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്.

കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയും ഇന്ത്യയില്‍ നിന്ന് വിദേശത്ത് ഏറെപേര്‍ ജോലി തേടി പോകുന്ന ജില്ലയുമാണ് മലപ്പുറം. രാജ്യത്തെ ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനവും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിനാണ്. 

മുന്‍പ്, മലപ്പുറം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുമെന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചിരുന്നു. ദിവസേന ഏകദേശം 1,200ഓളം പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. മാസത്തില്‍ 22,000ത്തോളം പാസ്‌പോര്‍ട്ടുകള്‍ ഇവിടെ നിന്ന് നല്‍കുന്നുമുണ്ട്. ഇങ്ങനെ രാജ്യത്തു തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ ഒരു പാസ്‌പോര്‍ട്ട് ഓഫിസ് മറ്റൊരു ഓഫിസുമായി ലയിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ പാസ്‌പോര്‍ട്ട് ഓഫിസ് വരുമാനത്തിലും മുന്നിട്ടു നില്‍ക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കട്ടിയിരുന്നു. 

മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയെന്ന നിലയില്‍ ജനങ്ങളിലുള്ള ആശങ്ക അദ്ദേഹം മന്ത്രിയോട് പങ്കുവച്ചിരുന്നു. അതുകൂടാതെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പിന്‍മാറണമെന്ന് അദ്ദേഹം തന്‍റെ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. 

 

Trending News