വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; വയനാട്ടില്‍ വ്യാപക തെരച്ചില്‍

മാവോയിസ്റ്റുകള്‍ക്കായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. വയനാടന്‍ ഉള്‍വനങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപകമാക്കി. 

Updated: Jul 22, 2018, 10:38 AM IST
വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; വയനാട്ടില്‍ വ്യാപക തെരച്ചില്‍
Representational Image

മാനന്തവാടി: വയനാടന്‍ ഉള്‍ക്കാടുകളില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. വയനാട് മുണ്ടക്കൈയില്‍ ഭാഗത്താണ് മാവോയിസ്റ്റുകളെ കണ്ടതായി പൊലീസ് അറിയിച്ചത്.

ഇന്നലെ രാത്രി മൂന്നംഗ സംഘത്തെ കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മുണ്ടക്കൈ എസ്റ്റേറ്റ്‌ ലയത്തിന് സമീപം എത്തിയതായാണ് പൊലീസിന് നല്‍കിയ വിവരം.

മാവോയിസ്റ്റുകള്‍ക്കായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. വയനാടന്‍ ഉള്‍വനങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപകമാക്കി.

മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ചുമതല കണ്ണൂര്‍ എസ്പിയ്ക്കാണ്. 

അതേസമയം കഴിഞ്ഞ ദിവസം വയനാട്ടില്‍ മൂന്ന് തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയിരുന്നു. രക്ഷപ്പെട്ട തൊഴിലാളികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

എന്നാല്‍ ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ കുഴയ്ക്കുകയുമാണ്‌.

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സംസ്ഥാന പൊലീസിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബന്ദികളാക്കിയവരെ മാവോയിസ്റ്റുകള്‍ വിട്ടയച്ചെങ്കിലും അപകടകരമായ സന്ദേശമായാണ് ഈ നടപടിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.