കണ്ണൂർ: ഭക്തിയുടെ നിറവിൽ മാരി തെയ്യങ്ങൾ ഉറഞ്ഞാടി. കണ്ണൂർ മാടായിക്കാവിൽ കർക്കിടകം പതിനാറിനാണ് മാരി തെയ്യങ്ങൾ കെട്ടിയാടുന്നത്. രോഗങ്ങളും ബുദ്ധിമുട്ടുകളും തെയ്യം ആവാഹിച്ച് കടലില്‍ ഒഴുക്കുമെന്നാണ് വിശ്വാസം.
തുടിയുടെയും ചേങ്ങിലയുടെയും താളത്തിൽ മാരിക്കലുവന്‍, മാമായക്കലുവന്, മാരിക്കലിച്ചി, മാമായക്കലിച്ചി, മാരിക്കുളിയന്, മാമായക്കുളിയന്‍ എന്നീ മാരിത്തെയ്യങ്ങൾ ഉറഞ്ഞാടി. മാടായിക്കാവിൽ മാരി തെയ്യം കാണാൻ നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.
മാരിതെയ്യങ്ങളുടെ ഐതിഹ്യം പറയുന്നത് ഇങ്ങനെ. നാട്ടിലാകെ ആദിയും വ്യാധിയും പിടിപെട്ട് ജീവിതം ദുരിതപൂർണമായി മാറുകയും ക്ഷേത്രങ്ങളിലും കാവുകളിലും പൂജാതി കർമ്മങ്ങൾ മുടങ്ങുകയും ചെയ്തതോടെ ശനിയുടെ അപഹാരം മാടായിക്കാവിലമ്മക്കും ബാധിച്ചതായും പ്രശ്ന പരിഹാരത്തിന് ചിറക്കൽ കോവിലകം തമ്പുരാൻ ഇടപെട്ട് ദേവപ്രശ്നം നടത്തുകയും മലനാട്ടിലാകെ108 കൂട്ടം ശനികൾ ബാധിച്ചതായി പ്രശ്ന വിധിയിൽ കണ്ടു.
തുടർന്ന് നാടിനെ ബാധിച്ച ശനിയെ അകറ്റുവാൻ മലയ, വണ്ണാൻ സമുദായത്തിലെ കർമ്മികളെ വിളിച്ച് വരുത്തി കർമ്മങ്ങൾ ചെയ്തുവെങ്കിലും ശനിയെ പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പുലയ സമുദായത്തിലുള്ള പൊളളയെ വിളിച്ച് വരുത്തി കർമ്മങ്ങൾ ചെയ്താണ് ശനിയെ ഒഴിപ്പിച്ച് നാട്ടിൽ ഐശ്വര്യവും സമൃദ്ധിയും വരുത്തിയതെന്നാണ് ഐതിഹ്യം.
സംഗീതപാരമ്പര്യവും സാംസ്കാരികത്തനിമയും ഉള്ള കൂട്ടായ്മയാണ് കോലത്തുനാട്ടിലെ പുലയര്‍. പുലയരുടെയിടയില്‍ പ്രചാരത്തിലുള്ള ആകര്‍ഷകമായ തെയ്യക്കോലമാണ് മാരിത്തെയ്യം. വർഷങ്ങളായി മാട്ടൂലിലെ കുമാരനും സംഘവുമാണ് മാടായിക്കാവിലെ മാരിത്തെയ്യങ്ങൾ കെട്ടി വരുന്നത്.
കോവിഡിനെ തുടർന്ന് ഇടവേളക്ക് ശേഷമാണ് മാടായിക്കാവിൽ മാരി തെയ്യം അരങ്ങേറിയത്. മാരിത്തെയ്യം കെട്ടി മാരിപ്പാട്ട് പാടി, കര്‍ക്കിടകം 28 വരെ ഓരോ വീട്ടിലുമെത്തി കെട്ടിയാടുന്ന തെയ്യങ്ങള്‍ അവസാനം ഇവയെല്ലാം കടലിലൊഴുക്കുകയാണ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...