തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ കുരുക്ക് മുറുകുന്നു.
വാഹനമോടിച്ചിരുന്ന സമയത്ത് ശ്രീറാമിന് മദ്യത്തിന്‍റെ മണമുണ്ടായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് കുരുക്കായത്. ഇക്കാര്യം മുഖ്യമന്ത്രിയാണ് നിയമസഭയെ അറിയിച്ചത്.
എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്ലെന്നും അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്നും മുന്‍പ് ഗതാഗതമന്ത്രി സഭയെ അറിയിച്ചിരുന്നു.
ആ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടാണ് മുഖ്യമന്ത്രിയുടെ ഈ വിശദീകരണം.
അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും സഹയാത്രികയും മൊഴി നല്‍കിയിരുന്നു. അപകടം നടന്ന് പത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീറാമിന്‍റെ രക്ത സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തതെന്ന കാര്യം ശ്രദ്ധേയമായിരുന്നു.
സ്വകാര്യ ആശുപത്രിയിലേയ്ക്ക് പരിശോധനയ്ക്ക് പോയ ശ്രീറാം അവിടെവച്ച് മദ്യത്തിന്‍റെ തെളിവ് നശിപ്പിച്ചോ എന്ന കാര്യം അന്വേഷണസംഘം വിശദമായി പരിശോധിച്ചിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.
അതേസമയം ശ്രീറാമിന്‍റെ വാഹനം അമിത വേഗതയിലായിരുന്നോ എന്ന ചോദ്യത്തിന് അത് കണ്ടെത്താനുള്ള തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന്‍ മുഖ്യമന്ത്രി മറുപടി നല്‍കി.