ഇടുക്കി: മിഷൻ അരിക്കൊമ്പൻ സമ്പൂർണ വിജയം. പുലർച്ചെ നാലരയോടെ അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊമ്പൻ കയറിപ്പോയെന്ന് പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് പറഞ്ഞു. റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്.
അരിക്കൊമ്പനെ പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജ ചെയ്തതെന്ന് പൂജാ കർമങ്ങൾ ചെയ്ത അരുവി പറഞ്ഞു. വനംവകുപ്പിന്റെ അനുമതിയോടെയാണ് പൂജ നടത്തിയതെന്നും അരുവി പറഞ്ഞു.
അതേസമയം അരിക്കൊമ്പന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്ന് ഡോ അരുൺ സക്കറിയ പറഞ്ഞു. എന്നാൽ ആനയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉൾക്കാട്ടിലേക്ക് തുറന്ന് വിടും മുൻപ് അരിക്കൊമ്പന് ചികിത്സ നൽകിയിരുന്നു. ഇനിയും ചികിത്സ ചെയ്യുമെന്നും അരുൺ സക്കറിയ പറഞ്ഞു. അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...