തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ ചലച്ചിത്ര താരം മോഹന്‍ലാലിനെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ.
കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട മന്ത്രി കെ രാജു കേസ് അവസാനിപ്പിക്കാമെന്ന നിയമോപദേശം വീണ്ടും പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആനക്കൊമ്പ് കൈവശം വച്ച കേസ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടാനാണ് നീക്കം.
ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായും ആനക്കൊമ്പ് കൈവശം വയ്ക്കാമെന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മോഹൻലാലിന്റേത് ക്രിമിനൽ കുറ്റമാണെന്ന വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ തനിക്കെതിരെയുള്ളത് ഉദ്യോഗസ്ഥ ഗൂഢാലോചനയെന്നാണ് മോഹൻലാലിന്റെ വാദം.
മോഹന്‍ലാലിനെ പ്രതിയാക്കി നേരത്തെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസി൦ഗ് കോംപ്ലക്സില്‍ ഹില്‍ ഗാര്‍ഡനില്‍ പിഎന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനം വീട്ടില്‍ കെ കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ട്മെന്റില്‍ നളിനി രാധാകൃഷ്ണന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
2012 ജൂണിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്.
മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു.
കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്ന് 65,000 രൂപക്ക് വാങ്ങിയതാണ് ആനക്കൊമ്പുകൾ എന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണ൦.
ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന്, വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.
എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എഎ പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.