ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. മാത്രമല്ല കുട്ടിയുടെ അച്ഛനെയും അച്ഛന്റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്തു.
വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്.
എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
കൊലയ്ക്ക് കാരണമെന്താണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചേർത്തല എഎസ്പി പറഞ്ഞു. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം 6 ദിവസം റിമാൻഡിൽ ആയിരുന്നു ആതിര.
കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. നാല് മാസം മുമ്പ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്റെ അച്ഛന്.