ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ബോബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സി.പി.എം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി.
സി.പി.എം ഭീകരതയ്ക്ക് മുമ്പില്‍ സംസ്ഥാന പൊലീസ് തികച്ചും നിഷ്‌ക്രിയരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്‍റെ തണലില്‍ എന്തുമാകാമെന്നതാണ് സി.പി.എം മാനോഭാവം. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിക്കുന്നു. സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണെന്നും ആന്‍റണി ആരോപിച്ചു.
ക്രമസമാധാനം സംരക്ഷിക്കാന്‍ കഴിയാത്ത ഈ പൊലീസിന് കീഴില്‍ ഷുഹൈബ് വധകേസിലെ പ്രതികളെ കണ്ടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. യഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റ് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നും എ.കെ.ആന്‍റണി പറഞ്ഞു.
കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയും കേരളത്തിലെ ഭരണകക്ഷിയായ സി.പി.എമ്മും മത്സരിച്ചു നടത്തുന്ന കൊലപാതകങ്ങള്‍ കേരളത്തില്‍ സമാധാന പരമായ ജനജീവിതം അസാധ്യമാക്കിയിരിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തിന്‍റെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ബി.ജെ.പിയുടേത് വര്‍ഗീയ ഫാസിസവും അസഹിഷ്ണുതയുമാണെങ്കില്‍ സി.പി.എമ്മിന്റേത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. കണ്ണൂരിനെ ചോരക്കളമാക്കുന്നതില്‍ പ്രധാന പങ്ക് സി.പി.എമ്മിനുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.