മൂന്നാറിൽ നീല കുറിഞ്ഞി പൂത്ത വാർത്തകളും അവ കാണാൻ പോകുന്നവരുടെ തിരക്കുമാണ് സോഷ്യൽ മീഡിയയിൽ ആകെ. അതിനിടയിൽ ഉയർന്ന് വന്ന ചോദ്യങ്ങളിലൊന്നാണ് നീ കുറിഞ്ഞി പൂവിടുന്നതിനെ പറ്റി. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി എന്നാൽ ഒരു കൂട്ടമാകുമ്പോൾ അവ കാണാൻ വല്ലാത്ത ഭംഗി തന്നെയാണ്.
കുറിഞ്ഞി പൂക്കാലത്തിന് പിന്നിൽ
1838-ലാണ് 12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് കണ്ടുപിടിച്ചത്. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘമായിരുന്നു ഇതിന് പിന്നിൽ.ഗൗരവമായ പഠനങ്ങൾക്ക് ശേഷം കുറിഞ്ഞിയുടെ പേര് സ്ട്രോബിലാന്തസ് കുന്തിയാനസ് (Strobilanthes kunthianas) എന്നു നിശ്ചയിച്ചു. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ (Kunth) പേരിൽ നിന്നാണ് കുന്തിയാനസ് എന്ന പേരു വന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞിയും കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ് കാന്തല്ലൂരിൽ കാണുന്നത്. കാലാവസ്ഥയിലെ വ്യത്യാസമാണ് ഇതിനു കാരണമത്രെ.
കാറ്റിലൂടെ ആണ് നീലക്കുറിഞ്ഞിയുടെ പരാഗണം നടക്കുന്നതെന്നായിരുന്നു ഇതിന് മുൻപ് ശാസ്ത്രലോകം വിചാരിച്ചിരുന്നത്. എന്നാൽ കുറിഞ്ഞിപ്പൂക്കളിൽ പരാഗണം നടത്തുന്നത് തേനീച്ചകൾ ആണെന്നാണ് ബയോളജിക്കൽ സൊസൈറ്റിയായ ലിനയൻ സൊസൈറ്റി ഓഫ് ലണ്ടൻ-ന്റെ ജേണലിൽ പ്രസിദ്ധീകരിച്ചത്. അപിസ് സറാന ഇൻഡിക എന്ന് ശാസ്ത്രനാമമുള്ള തേനീച്ചകളാണ് കുറിഞ്ഞികളുടെ 12 വർഷത്തെ തപസ്സിനു തുടക്കമിടുന്നത് .
16 മുതൽ ഒരു വർഷം വരെ കാളയളവിൽ പൂക്കുന്ന കുറിഞ്ഞികൾ
മൂന്നാറിലെ കുറിഞ്ഞി പൂക്കൾ 12 വർഷം കൂടുമ്പോൾ പൂക്കുന്നുവെങ്കിൽ ഒരു വർഷം കൂടുമ്പോൾ പോലും പൂക്കുന്ന കുറിഞ്ഞിയുണ്ട്.
സ്ട്രോബൈലാന്തസ് കുന്തിയാനസ് എന്ന നില കുറിഞ്ഞിയാണ് 12 വർഷം കൂടുമ്പോൾ കൂടുമ്പോൾ പൂക്കുന്നവ. സ്ട്രോബൈലാന്തസ് ആന്റേഴ്സണീ എന്നൊരിനമാകട്ടെ പൂക്കുന്നത് 10 വർഷം കൂടുമ്പോഴാണ്. സ്ട്രോബൈലാന്തസ് പൾനിയൻസിസ്,സ്ട്രോബൈലാന്തസ് സീലിയേറ്റ്സ്,സ്ട്രോബൈലാന്തസ് സെസിലിസ്, എന്നീ ഇനങ്ങൾ ഒരു വർഷം കൂടുമ്പോൾ പൂക്കും.
സ്ട്രോബൈലാന്തസ് സെങ്കേറിയാനസ് എന്ന വെള്ള കുറിഞ്ഞി പൂക്കൾ 16 വർഷം കൂടുമ്പോൾ പൂക്കും. ചോല വനങ്ങളിൽ കാണപ്പെടുന്നവയാണ് ഇവ. രണ്ട് വർഷം കൂടുമ്പോൾ പൂക്കുന്ന സ്ട്രോബൈലാന്തസ് ഫോളിയോസസ്, 4 വർഷം കൂടുമ്പോൾ പൂക്കുന്ന സ്ട്രോബൈലാന്തസ് ഹെയ്നിയാനസ് എന്നിവയും ഇതിൽപ്പെടുന്നു.
എല്ലാം നീലയല്ല
ഇളം നീല, ഇളം വയലറ്റ്,ഇരുണ്ട തവിട്ടുനിറം, വെള്ള, ഇളം വയലറ്റും വെള്ളയും,ഇളം റോസ് എന്നിവയാണ് കുറിഞ്ഞികളുടെ നിറങ്ങൾ. ഇത് സ്പീഷിസുകൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. 10 എണ്ണമുണ്ടെങ്കിൽ 10-നും വ്യത്യസ്ത നിറങ്ങളാണ് സാധാരണ കണ്ട് വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...