Home Isolation: ഹോം ഐസൊലേഷന് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

ഹോം ഐസൊലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതാണ്, ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 07:52 PM IST
  • കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്
  • ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്
  • ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകത
  • ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി
Home Isolation: ഹോം ഐസൊലേഷന് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം ഐസൊലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്.

കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Kerala COVID Update : ഇന്ന് 32,000 കടന്ന് കേരളത്തിലെ കോവിഡ് കണക്ക്, TPR 20 ശതമാനത്തിന് അരികിൽ, മരണം 179

ഹോം ഐസൊലേഷന്‍ എങ്ങനെ: ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എസിയുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

സാധനങ്ങള്‍ കൈമാറരുത്: ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകുന്നതായിരിക്കും നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്ലീച്ചിങ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

വെള്ളവും ആഹാരവും വളരെ പ്രധാനം: വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കണം. പറ്റുമെങ്കില്‍ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക.

ALSO READ: Kerala COVID Situation : ഞായറാഴ്ച Triple Lockdown, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യത

സ്വയം നിരീക്ഷണം ഏറെ പ്രധാനം: വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. സങ്കീര്‍ണതകള്‍ വരികയാണെങ്കില്‍ നേരത്തെ കണ്ടുപിടിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പള്‍സ് ഓക്‌സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നന്നായിരിക്കും. പള്‍സ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ച് വയ്‌ക്കേണ്ടതാണ്.

രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. അതിനാല്‍ പള്‍സ് ഓക്‌സീമീറ്റര്‍ കൊണ്ട് ദിവസവും രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കണം. ഈ പരിശോധനയിലൂടെ ഓക്‌സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്പ് തന്നെ ഓക്‌സിജന്‍ കുറഞ്ഞ് തുടങ്ങിയെന്ന് അറിയാന്‍ സാധിക്കുന്നു.

സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്‌സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. ആറ് മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്‌സിജന്റെ അളവ് നേരത്തെയുള്ളതില്‍ നിന്ന് മൂന്ന് ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഇ-സഞ്ജീവനി വഴിയും ചികിത്സ തേടാവുന്നതാണ്.

ALSO READ: കേരളത്തിലെ കൊവിഡ് കണക്കുകൾ സർക്കാർ പൂഴ്ത്തിവയ്ക്കുന്നു: VD Satheesan

അപായ സൂചനകള്‍ തിരിച്ചറിയണം: ഹോം ഐസൊലേഷനില്‍ കഴിയുന്നെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു വിളിക്കപ്പുറം തന്നെയുണ്ട്. ശ്വാസം മുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കില്‍ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറില്‍ ഓക്‌സിജന്‍ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാലാണ് ഇവയില്‍ പലതും ഉണ്ടാകുന്നത്. ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ വിവരമറിയിക്കണം. ഈ സാഹചര്യത്തില്‍ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലന്‍സ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡുതല ജാഗ്രതാ സമിതികളും ഹോം ഐസൊലേഷനിലുള്ളവരെ സഹായിക്കാന്‍ എപ്പോഴുമുണ്ട്. അതിനാല്‍ ആശങ്ക വേണ്ട. എന്നാല്‍ ജാഗ്രത ഏറെ ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News