കോഴിക്കോട്: ചാത്തമംഗലം സ്വദേശിയായ 13 കാരൻ നിപ്പ ബാധിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ ശ്രവ സാമ്പിളുകൾ ഇന്ന് എൻ.ഐ.വി പൂനെയിലേക്ക് അയക്കും. സംഭവത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സംഘം കേരളത്തിലെത്തിയിട്ടുണ്ട്. നിപ്പ ബാധയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന് നേരത്തെ അസുഖമായിരുന്നതായി റിപ്പോർട്ടുണ്ട്. ഇതെന്താണെന്നത് പരിശോധിക്കും. ആടിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
നേരത്തെ നിപ്പ വൈറസിൻറെ സാന്നിധ്യം വവ്വാലിൽ നിന്നെന്നാണ് സംശയിച്ചിരുന്നത് വവ്വാലുകളുടെ സാന്നിധ്യവും പ്രദേശത്തുണ്ടോ എന്നും പരിശോധിക്കും. ഇവയുടെ സ്രവ പരിശോധന വേണമോ എന്ന് പിന്നീട് തീരുമാനിക്കും. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും ട്രൂനാറ്റ് പരിശോധന ഇന്ന് നടക്കും.
Also Read: Nipha Virus : നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മരിച്ച കുട്ടിയുടെ അമ്മയ്ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയ്ക്കും പനിയുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാവുമെന്നാണ് കേന്ദ്രസംഘത്തിൻറെ വിലയിരുത്തൽ. നിപ്പയ്ക്കെതിരെ ഇന്ന് ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നടക്കും.
കേന്ദ്ര സംഘം ഇന്നലെ കോഴിക്കോട് ചാത്തമംഗലത്ത് എത്തിയിരുന്നു. സാമ്പിളുകൾ അവിടെനിന്നും ശേഖരിച്ചിട്ടുണ്ട്. മരിച്ചകുട്ടി റംബൂട്ടാൻ കഴിച്ചിരുന്നു എന്ന വിവരത്തെ തുടർന്ന് സംഘം പറമ്പ് പരിശോധിച്ചു. ഇന്നും പ്രദേശത്ത് പരിശോധന തുടരുമെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ ചർച്ച നടത്താൻ ഇന്ന് ഉന്നത തല അവലോകന യോഗം ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...