നിപാ വൈറസ്: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരാളെ പ്രവേശിപ്പിച്ചു

  

Last Updated : Jun 7, 2018, 09:58 AM IST
നിപാ വൈറസ്: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരാളെ പ്രവേശിപ്പിച്ചു

ആലപ്പുഴ: നിപാ വൈറസ് ബാധ സംശയിച്ച് ഒരു രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടൂര്‍ സ്വദേശിയാണു പനിക്കു ചികിത്സയിലുള്ളത്. ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. അതേസമയം, രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

നിപായുടെ രണ്ടാംഘട്ട വ്യാപനം ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും 30 വരെ ജാഗ്രത തുടരുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണനും കോഴിക്കോട് കലക്ടര്‍ യു.വി. ജോസും പറഞ്ഞു. 

തുടര്‍പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച രാവിലെ 11 നു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിലവില്‍ കേന്ദ്രത്തില്‍നിന്നുള്ള മൂന്നു സംഘം ജില്ലയിലുണ്ട്. ദേശീയ എപ്പിഡെമിയോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ സംഘം നിപാ സ്രോതസ്സ് കണ്ടെത്താന്‍ പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും പഠനം തുടങ്ങിക്കഴിഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 2,507 ആയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ നിപാ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നുണ്ട്. രണ്ടാംഘട്ടത്തിൽ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.

Trending News