മഞ്ചേശ്വരം: മഞ്ചേശ്വരത്തു നടന്നതു കള്ളവോട്ട് തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.
എന്നാല്‍ റീപോളി൦ഗ് നടത്താനാവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ലാത്തതിനാല്‍ ഒരു പോളി൦ഗ് ബൂത്തിലും റീപോളി൦ഗ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറുമണി വരെ എത്തിയവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തെ 42-ാം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരോപണത്തിനു പിന്നാലെ നബീസയെന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാന്‍ നബീസ ശ്രമിച്ചെന്നായിരുന്നു ആരോപണം.
നബീസയെ കസ്റ്റഡിയിലെടുത്തതിനെതിരെ കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു.
അതേസമയം എന്‍എസ്എസിന്‍റെ വക്കീല്‍ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വിഷയം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാടെടുത്തത് അപകടമുണ്ടാക്കിയെന്ന ടിക്കാറാം മീനയുടെ പരാമര്‍ശത്തിന് എതിരെയാണ് വക്കീല്‍ നോട്ടീസ്.
എന്‍.എസ്.എസ് വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തുന്ന വിധമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശമെന്നും ഇത് പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പുപറയണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം, 'അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, പരിധി കടന്നാല്‍ നടപടിയെടുക്കും. പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായ വ്യവസ്ഥയുണ്ട്. മതനിരപേക്ഷത പാലിക്കാനും ധാര്‍മ്മികമായ ഉത്തരവാദിത്തവും എല്ലാവര്‍ക്കുമുണ്ട്. അതനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരുമാണ്', മീന പറഞ്ഞു.