ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി.
ശബരിമല കേസ് വിശാല ബഞ്ചിന് വിട്ടാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവം. പുതിയ ബഞ്ചില്‍ ആരൊക്കെയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം.
ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കര്‍ എന്നിവരാണ് കേസ് വിപുല ബഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടത്.
രോഹിന്‍ടണ്‍ നരിമാന്, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായത്തോട് കടുത്ത വിയോജിപ്പാണ് ജഡ്ജി നരിമാന് പ്രകടിപ്പിച്ചത്. ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് പറഞ്ഞ നരിമാന് പ്രത്യേകം വിധി വായിച്ചു.
അതേസമയം, യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്ന വിധിയ്ക്ക് സ്റ്റേയില്ല.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചായിരുന്നു സുപ്രീം കോടതി ഭരണഘടന ബെഞ്ച് അന്ന് വിധി പ്രസ്താവിച്ചത്.
അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര് എഫ് നരിമാന്, എഎം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ആരാധനക്ക് എല്ലാവര്ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്.
അതേ സമയം, ബെഞ്ചിനെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്.