സര്‍ക്കാരും സഭയും കൈവിട്ടു; കന്യാസ്ത്രീകളുടെ സത്യഗ്രഹസമരം ഇന്ന്‍

എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുകയാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു.   

Last Updated : Sep 8, 2018, 10:07 AM IST
സര്‍ക്കാരും സഭയും കൈവിട്ടു; കന്യാസ്ത്രീകളുടെ സത്യഗ്രഹസമരം ഇന്ന്‍

കൊച്ചി: കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്നു മുതൽ സത്യഗ്രഹസമരം തുടങ്ങുന്നു. സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. മാത്രമല്ല, ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. 

എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുകയാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. കന്യാസ്ത്രീകളുടെ വിലാപം സഭയും അധികാരികളും കേള്‍ക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു. ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇതിനിടെ കൂടുതുല്‍ മൊഴികള്‍ പുറത്തു വന്നിരുന്നു. 

തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്‍റെ മോശം പെരുമാറ്റം മൂലമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ബിഷപ്പിനെതിരെ മഠത്തിലെ കന്യാസ്ത്രീകളില്‍ നിന്ന് മൊഴികളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേര്‍ ഇപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

ലൈംഗിക ചുവയോടെ പെരുമാറിയിരുന്നു, പലപ്പോഴും മോശം പെരുമാറ്റം ബിഷപ്പില്‍ നിന്നുണ്ടായിരുന്നുവെന്നുമാണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തില്‍  പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. 

ഇതിനിടെ ഒക്ടോബര്‍ മൂന്ന് മുതല്‍ 28 വരെ വത്തിക്കാനില്‍ ബിഷപ്പുമാരുടെ സിനഡ് ചേരുന്നുണ്ട്. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും സിനഡില്‍ പങ്കെടുക്കേണ്ടതുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് വത്തിക്കാനിലേക്ക് പോകാനുള്ള അനുമതി സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും ബിഷപ്പ് ആരംഭിച്ചിട്ടുണ്ട്.

ബിഷപ്പിന്‍റെ വിദേശ യാത്രകള്‍ തടയാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉള്‍പ്പെടെ ചെലുത്തി ഈ സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തടയാന്‍ ബിഷപ്പിന്‍റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Trending News