തിരുവനന്തപുരം: ഇനി പറയുന്നത്, അസാധാരണ ഓർമ്മശക്തിയുള്ള ഒരു മൂന്നുവയസ്സുകാരിയുടെ ജീവിതകഥയെ കുറിച്ചാണ്. നമ്മളാരും കരുതുന്ന പോലെയൊരു കുട്ടിയെ അല്ല ഇവൾ. ശിവന്യയുടെ പ്രത്യേകത കേട്ടാൽ ആരുമൊന്ന് ഞെട്ടിപ്പോകും. 197 രാജ്യങ്ങളുടെ പേരും പതാകയും തലസ്ഥാനവും ഇക്കാലത്തിനിടയിൽ മനപ്പാഠമാക്കിയിരിക്കുകയാണ് ഈ കൊച്ചു കുരുന്ന്. മൂന്നര വയസ്സിനിടയ്ക്ക് നാല് ലോക റെക്കോർഡുകളും കരസ്ഥമാക്കി കഴിഞ്ഞു. തിരുവനന്തപുരം വലിയശാല സ്വദേശികളായ ചിത്തിരവേൽ ഉമാമഹേശ്വരി ദമ്പതികളുടെ മകളാണ് സഞ്ജുവെന്ന് വിളിപ്പേരുള്ള ശിവന്യ. ശിവന്യയുടെ വിശേഷങ്ങളിലേക്കാണ് ഇനി നമ്മൾ പോകുന്നത്.
ലോകത്തെ 197 രാജ്യങ്ങളുടെ പേരും പതാകയും തലസ്ഥാനവുമാണ് ശിവന്യ ഹൃദിസ്ഥമാക്കിയിരിക്കുന്നത്. ശിവന്യ രണ്ട് വയസുള്ളപ്പോള്‍ തന്നെ അസാധാരണമായ ഓർമശക്തി പ്രകടിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കളായ ചിത്തിരവേലും ഉമാമഹേശ്വരിയും ഓർക്കുന്നു. നാല് ലോക റെക്കോർഡുകൾ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.
ALSO READ : പോലീസുകാർക്കായി തൊപ്പി നെയ്യുന്ന രാജേന്ദ്രനെ പരിചയപ്പെടാം; മൂന്നരപതിറ്റാണ്ട് നീളുന്ന ജോലിയിൽ മുഴുകി ഈ 64കാരൻ
ശിവന്യക്ക് 197 രാജ്യങ്ങളുടെ പേരും പതാകയും തലസ്ഥാനവും പറയാൻ വെറും നാലു മിനിറ്റ് മൂന്നു സെക്കൻഡ് മതിയാകും. ശരവേഗത്തിലാണ് ഇവൾ കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകൾ ചെറുപ്രായത്തിൽ തന്നെ എഴുതാനും വായിക്കാനും പഠിച്ചു. മുതിർന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് ശിവന്യയുടെ ഓർമ്മശക്തി. ഇത് പലരും നേരിട്ട് അനുഭവിച്ചിട്ടുമുണ്ട്.
ചെറിയ കുഞ്ഞുങ്ങളുടെ സംസാരമാണ് ഇവൾക്കെങ്കിലും എല്ലാം കൃത്യമായി ഓർത്തു പറയാനുള്ള കഴിവുകളാണ് മറ്റു കുഞ്ഞുങ്ങളിൽ നിന്ന് ശിവന്യയെ വേറിട്ടതാക്കുന്നത്. ചിത്തിരവേലിന്റെ ഫോൺ നമ്പരും ഒരിക്കൽ കണ്ടവരുടെ പേരുകളുമൊക്കെ രണ്ടു വയസുള്ളപ്പോഴേ ശിവന്യ ഓർത്തു പറയുമായിരുന്നു.
ALSO READ : കുട്ടികൾക്ക് പോലും പേടിയില്ല: മക്കളെ പോലെ പെരുമ്പാമ്പിനെ വീട്ടിൽ വളർത്തുന്ന ഓട്ടോഡ്രൈവർ
രണ്ടര വയസിലാണ് ആദ്യ റെക്കോഡ് ശിവന്യ സ്വന്തമാക്കുന്നത്. അത്യപൂർവ്വ നേട്ടത്തിന് വീട്ടുകാരും കട്ട സപ്പോർട്ടുമായി രംഗത്തുണ്ട്. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്,അബ്ദുള്‍കലാം വേള്‍ഡ് റെക്കോര്‍ഡ് തുടങ്ങി നാലോളം റെക്കോർഡുകളാണ് ഇതുവരെ ശിവന്യയ്ക്ക് ലഭിച്ചിട്ടുള്ളത്.
ഇതിന് പുറമേ നിരവധി ഭക്തിഗാനങ്ങളും സിനിമ പാട്ടുകളും ഇവൾക്ക് നന്നായി വഴങ്ങും. തിരുവനന്തപുരം വലിയശാലയിലാണ് ഈ കുടുംബം താമസിക്കുന്നത്. ശിവന്യയുടെ അച്ഛൻ ചിത്തിരവേലിന് റിയൽ എസ്റ്റേസ്റ്റ് ബിസിനസ്സാണ് തൊഴിൽ. അമ്മ ഉമാമഹേശ്വരി വീട്ടമ്മയാണ്. അച്ഛൻ ജോലിത്തിരക്കുകളിൽ സജീവമാകുമ്പോൾ ഉമാമഹേശ്വരിയാണ് മകളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത്. അറിവുകൾ വിപുലികരിച്ചു കൊണ്ടിരിക്കുന്ന ശിവന്യ വരും തലമുറയിലെ കുരുന്നകൾക്ക് മാതൃകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...