തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. കേസുകൾ കുത്തനെ കൂടിയാൽ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ സജ്ജമാകാൻ ജില്ലാ അധികൃതർക്ക് സർക്കാർ നിർദേശം നൽകി.
കോവിഡ് വ്യാപനം അതിരൂക്ഷമായാൽ വീട്ടിൽത്തനെ ചികിത്സ നൽകുന്നതിനായി മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യവകുപ്പ് ഹോം കെയർ പരിശീലനം നൽകിത്തുടങ്ങി. ടിപിആർ 10 കടന്നാൽ ഡെൽറ്റയെ ഒമിക്രോൺ വകഭേദം മറികടന്നതായി കണക്കാക്കാമെന്നാണ് വിദഗ്ർ പറയുന്നത്. 3.88ലേക്ക് താഴ്ന്ന ടിപിആർ രണ്ട് ദിവസം കൊണ്ട് 6.8ലേക്കെത്തി. ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നതിനിടെ പെട്ടെന്ന് വീണ്ടും കൂടി. കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്തേയും ബാധിച്ചേക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹോം കെയർ പരിശീലനം നൽകുന്നത്. ഓൺലൈൻ വഴിയാണ് പരിശീലന പദ്ധതി. ഓക്സിജൻ, ഐസിയു വെന്റിലേറ്റർ സംവിധാനങ്ങളടക്കം നേരത്തെ തയാറാണെന്നതാണ് കേരളത്തിന്റെ നേട്ടം. രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലിപ്പോഴും ആർ വാല്യു ഒന്നിന് താഴെയാണ്. എന്നാൽ ഇത് വളരെ പെട്ടെന്ന് ഉയരാനുള്ള സാധ്യതയുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...