തിരുവനന്തപുരം: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കെ.എം. മാണിയെ വീണ്ടും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ നിലപാട് തീരുമാനിക്കേണ്ടത് മാണി തന്നെയാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഏതു മുന്നണിയില്‍ ചേരണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് മാണി ഗ്രൂപ്പ്. മാണിയെ ചേര്‍ക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ത്തന്നെ ഭിന്നതയാണ്. കെ. എം മാണിയെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാമെന്ന നിലപാടിനെ തള്ളിക്കൊണ്ട് അടുത്തിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിൽ ജയിക്കാതിരിക്കാൻ മാത്രം മോശം പ്രവർത്തനമല്ല സംസ്ഥാന സർക്കാരിന്റേതെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ പാലായിൽ എത്തി മാണിയെ കണ്ട് പിന്തുണ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി യുഡിഎഫിലേക്ക് വീണ്ടും മാണിയെ ക്ഷണിച്ചത്.