തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
എറണാകുളം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല.
Also read: Kerala Rain: അതിതീവ്ര മഴ തുടരും, 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 5 ജില്ലകള്‍ വെള്ളപ്പൊക്കബാധിതം
കേരളാ തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നര മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാമെന്നും അതുകൊണ്ടുതന്നെ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒഡീഷ തീരത്തേക്ക് നീങ്ങിയതോടെ രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ മഴ കുറയുമെന്നാണ് വിലയിരുത്തൽ.