കൊച്ചി: പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന് ജാമ്യം.
കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു.
പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്. തലശേരി POCSO കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് POCSO വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. കുട്ടിയെ അദ്ധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്....!! മാത്രവുമല്ല, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും കുറ്റപത്രത്തില്‍ പറയുന്നു.
POCSO ആക്ട് ചുമത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം പരക്കെ നിലനില്‍ക്കവെയാണ് ഇന്ന് വൈകിട്ട് തലശേരി POCSO കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.
എന്നാല്‍, സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് രംഗത്തെത്തിയിരിയ്ക്കുകയാണ്.
'പിണറായിയോടാണ്; സഖാവും സഖാവിന്‍റെ പൊലീസും ആര്‍.എസ്.എസ് നേതാവിനെ രക്ഷിച്ചെടുക്കാൻ നടത്തിയ വൃത്തികെട്ട കളികൾ ഇന്നല്ലെങ്കിൽ നാളെ ഒന്നൊന്നായി പുറത്തുവരും, അന്ന് നിങ്ങളെ ജനം തെരുവിൽ വിചാരണ ചെയ്യുക തന്നെ ചെയ്യും.
ടീച്ചറോടാണ് ; പാനൂരിലെ ഒരു ചെറിയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യാൻ സമയവും സൗകര്യവും ഉള്ള നിങ്ങൾക്ക് സ്വന്തം മണ്ഡലത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു കുഞ്ഞുമോളെയോ ആ കുടുംബത്തെയോ ഒന്ന് വിളിച്ചാശ്വസിപ്പിക്കാൻ പോലും സമയം കിട്ടാതെ പോയത് ആ അമ്മ മനസ്സിൽ ഉള്ളത് കാരുണ്യമല്ല കാപട്യം ആയിരുന്നതിനാൽ മാത്രമാണെന്ന് കേരളം നാളെ വിധിക്കുക തന്നെ ചെയ്യും.
ആര്‍.എസ്.എസിനോടും അവർക്ക് വിടുപണി ചെയ്ത പൊലീസിനോടുമാണ്; നെറികേടുകൾ കൊണ്ട് നേടിയ ഈ ജാമ്യം കൊണ്ട് രക്ഷപെട്ടു എന്ന് കരുതേണ്ട, നീതിയുടെ കൈകൾ നിങ്ങളെ തേടി വരിക തന്നെ ചെയ്യും'; വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് പ്രസ്താവനയില്‍ പറഞ്ഞു. ഡബ്ല്യു.ജെ.എം സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആണ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്.
പാലത്തായി പീഡന കേസില്‍ കുറ്റപത്രം വൈകുന്നത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതിയി പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.