ആലുവ: മരിച്ച് അടക്കം ചെയ്തയാൾ ഒരാഴ്ച്ചക്ക് ശേഷം തിരിച്ചുവന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് ഒരാഴ്ചക്ക് ശേഷം തിരിച്ചെത്തിയത്. മരിച്ചയാൾ ജീവനോടെ തിരിച്ചെത്തിയത് കണ്ട ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.
സ്വന്തം മരണാനന്തര ചടങ്ങുകൾ പളളിയിൽ നടക്കുമ്പോഴാണ് ആലുവ ചുണങ്ങുംവേലിയിൽ ആന്‍റണി ഔപ്പാടൻ തിരികെ നാട്ടിലെത്തിയത്. തന്നെ അടക്കം ചെയ്ത കല്ലറയാണ് തിരികെ എത്തിയ ആന്റണി പള്ളിമുറ്റത്ത് കാണുന്നത്. ഏഴ് ദിവസം മുമ്പാണ് അങ്കമാലിക്കടുത്ത് വെച്ച് മരണപ്പെട്ട ആന്‍റണിയുടെ മൃതദേഹം ആശുപത്രിയിലുള്ളതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഉടൻ വാർഡ് അംഗങ്ങളായ സ്‌നേഹ മോഹനന്റെയും, ജോയുടെയും നേതൃത്വത്തിൽ ആന്റണിയുടെ നാലു സഹോദരിമാരും മൃതദേഹം കണ്ട് സ്ഥിരീകരിച്ചു. എന്നാൽ ആന്റണിയോട് രൂപസാദൃശ്യമുള്ള മറ്റൊരാളായിരുന്നു അത്. വീട്ടിൽ മൃതദേഹം കൊണ്ടുവരികയും തുടർന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുകയും ചെയ്തു.
ALSO READ: തുവ്വൂരിലെ യുവതിയുടെ കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ച് പേർ അറസ്റ്റിൽ
ചൊവാഴ്ച്ച ഏഴാം ദിന മരണാനന്തര ചടങ്ങുകളായിരുന്നു പള്ളിയിൽ നടന്നത്. ബന്ധുക്കൾ കല്ലറയിൽ പ്രാർത്ഥന നടത്തി പൂക്കൾ വെച്ച് പിരിഞ്ഞപ്പോഴാണ് ഇതൊന്നുമറിയാതെ ആന്റണിയുടെ വരവ്. മരിച്ചെന്ന് കരുതിയ ആന്‍റണി ബസിറങ്ങി വരുന്നത് കണ്ട അയൽക്കാരൻ സുബ്രമണ്യൻ ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഉടൻ പഞ്ചായത്തംഗങ്ങളെയടക്കം വിളിച്ച് കാര്യം ധരിപ്പിച്ചു. ആന്‍റണിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തയാളായിരുന്നു സുബ്രഹ്മണ്യൻ.
ജീവനോടെ ആന്റണിയെ കണ്ട നാട്ടുകാർ ഇദ്ദേഹത്തെ അങ്കമാലി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. മരിച്ചെന്ന് കരുതിയ ആൾ തിരിച്ചുവന്നതു കണ്ട് കൂടുതൽ ആളുകൾ പേടിക്കാതിരിക്കാൻ കുറച്ച് ദിവസത്തേക്ക് ആന്‍റണിക്ക് സംരക്ഷണവും നാട്ടുകാർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. അവിവാഹിതനായ ആന്‍റണി മൂവാറ്റുപുഴ ഭാഗത്താണ് താമസം. ശരിക്കും ആരാണ് മരിച്ചതെന്നും ആന്‍റണിയുടെ ബന്ധുക്കൾ ആരുടെ ശവശരീരമാണ് അടക്കം ചെയ്തതുമെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...