തിരുവനന്തപുരം: ജോലി ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം (PG Doctors' strike) തുടരും. ആരോഗ്യമന്ത്രിയുമായി (Health Minister) നടത്തിയ മൂന്നാമത്തെ ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ ഡോക്ടർമാർ തീരുമാനിച്ചത്.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അതിനാൽ സമരം തുടരുമെന്നും പിജി ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് ഉദ്യോഗസ്ഥ തലത്തിൽ ഡോക്ടർമാരുമായി ചർച്ച നടക്കും. കൂടുതൽ നോൺ അക്കാദമിക്ക് റസിഡന്റ് ഡോക്ടർമാരുടെ നിയമനത്തിലും സ്റ്റൈപൻഡ് വർധനവിലും സർക്കാർ രേഖാമൂലം വ്യക്തത വരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.
Also Read: PG Doctor's Strike : പിജി ഡോക്ടർമാരുടെ സമരം: വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി ആരോഗ്യ മന്ത്രി
സീനിയർ റസിഡന്റുമാരെ പിരിച്ചുവിട്ട് ജൂനിയർ ഡോക്‌ടേഴ്‌സിനെ നിയമിക്കാമെന്നത് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പിജി ഡോക്‌ടേഴ്‌സ് വ്യക്തമാക്കി. എന്നാൽ സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ ജോലിഭാരം സംബന്ധിച്ച് പരിശോധിക്കുന്നതിനായി സമിതിയെ നിയോഗിക്കുമെന്നും മെഡിക്കൽ കോളേജുകളിൽ റെസിഡൻസി മാനുവലുകൾ പാലിക്കുമെന്നുമാണ് മന്ത്രിയുടെ ഉറപ്പ്.
കൂടാതെ സ്റ്റൈപെൻഡ് വർധന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ചികിത്സ തേടിയെത്തുന്ന പൊതുജനത്തിന് അത് നിഷേധിക്കരുതെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...